| Friday, 25th February 2022, 3:51 pm

നിങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം; മുകുള്‍ റോയിയെ അയോഗ്യനാക്കാനാവശ്യപ്പെട്ടുള്ള ബി.ജെ.പി നേതാവിന്റെ ഹരജിയില്‍ സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുകുള്‍ റോയിയെ അയോഗ്യനാക്കണം; ബി.ജെ.പി നേതാവിന്റെ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂദല്‍ഹി: മുകുള്‍ റോയിയെ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയ അപേക്ഷ പരിഗണിക്കാത്തതിനെതിരെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.

സ്പീക്കറുടെ തീരുമാനത്തിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കാനാണ് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് അധികാരിയോട് ആവശ്യപ്പെട്ടത്.

‘മുകുള്‍ റോയിക്കെതിരെയുള്ള അപേക്ഷ തള്ളിയ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് ഈ റിട്ട് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകന്റെ വാദം കേട്ട ശേഷം, സ്പീക്കറുടെ ഉത്തരവിനെതിരെ ഹരജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ഞങ്ങള്‍ കരുതുന്നു,’ ബെഞ്ച് പറഞ്ഞു.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനായി റോയിയുടെ കാലാവധി ഒരു വര്‍ഷം മാത്രമേ ഉള്ളൂവെന്ന വാദവും സുപ്രീം കോടതി പരിഗണിച്ചു, ഒരു മാസത്തിനകം വിഷയം തീരുമാനിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.

‘പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാനായി മുകുള്‍ റോയിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് മാത്രമുള്ളതിനാല്‍, ഹരജികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഞങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു മാസത്തിന് ശേഷമല്ല കേസ് പരിഗണിക്കേണ്ടതെന്നും ഓര്‍മപ്പെടുത്തുന്നു,’ ബെഞ്ച് പറഞ്ഞു.

2021 സെപ്റ്റംബര്‍ 28ന് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ കല്‍ക്കട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒറ്റനോട്ടത്തിലുള്ളതാണെന്നും കക്ഷികള്‍ അവര്‍ക്ക് ലഭ്യമായ എല്ലാ വഴികളും നിയമപ്രകാരം സ്വീകരിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

റോയിയെ അയോഗ്യനാക്കണമെന്ന ഹരജിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനകം തീരുമാനമെടുക്കാന്‍ ബാനര്‍ജിയോട് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

മുന്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായ റോയ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയിരുന്നു.

റോയിയെ പി.എ.സി ചെയര്‍മാനായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എയായ അംബിക റോയ് ജൂലൈയില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കൂറുമാറ്റ നിരോധന നിയമപ്രകാരം മുകുള്‍ റോയിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി സമര്‍പ്പിച്ച ഹരജി ഫെബ്രുവരി 11നായിരുന്നു പശ്ചിമ ബംഗാള്‍ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി തള്ളിയത്.

Content Highlights: Supreme Court on BJP leader’s plea to disqualify Mukul Roy

We use cookies to give you the best possible experience. Learn more