|

'ഞാനാ ചാനല്‍ കാണാറില്ല, പക്ഷെ ഇത് ശരിയല്ല,' അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹരജി പരിഗണിക്കുന്നത്.

എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.

‘ എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ആ ചാനല്‍ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തില്‍ കോടതി ഇടപെടാതിരുന്നാല്‍ നാം നാശത്തിന്റെ പാതയിലാണെന്നതില്‍ തര്‍ക്കമില്ല,’ ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനാധിപത്യം അസാധാരണമാം വിധം പ്രതിരോധശേഷിയുള്ളതാണെന്ന് പറഞ്ഞ കോടതി ചാനല്‍ ചര്‍ച്ചയിലെ വിവാദങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവഗണിക്കണമെന്നും കോടതി പറഞ്ഞു.

ഒപ്പം അര്‍ണാബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.

‘ ഇന്ന് നമ്മള്‍ ഹൈക്കോടതിക്ക് ഒരു സന്ദേശം അയക്കണം.വ്യക്തിപരമായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് ദയവായി നിങ്ങളുടെ അധികാര പരിധി വിനിയോഗിക്കുക,’ ബെഞ്ച് പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യം വെച്ചാല്‍ പൗരന്‍മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഉണ്ടെന്ന് അവര്‍ മനസ്സിലാക്കണം,’ ബെഞ്ച് നിരീക്ഷിച്ചു.

Content Highlight: Supreme Court On Arnab Goswami Bail