'എല്ലാ പൗരന്‍മാരും തീവ്രവാദികളാണെന്നാണോ നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്'; എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്തിനാണെന്നും സുപ്രീംകോടതി
Aadhaar
'എല്ലാ പൗരന്‍മാരും തീവ്രവാദികളാണെന്നാണോ നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്'; എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്തിനാണെന്നും സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th April 2018, 9:45 am

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതി. ചിലകാര്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കുന്നതിനെ സ്വാഗതം ചെയ്യാമെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണെന്ന് വാശിപിടിക്കുന്നതിന് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു.

“നിങ്ങള്‍ക്ക് എല്ലാത്തിനും ആധാര്‍ വേണമോ? ഇതിനോടകം 144 നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. എന്തിനാണ് നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. എല്ലാ പൗരന്‍മാരും തീവ്രവാദികളാണെന്നാണോ
നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്.”


Also Read:  എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തല്‍; രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും രക്തം കൊണ്ട് കത്തെഴുതി ദളിതര്‍


ജമ്മു കാശ്മീരിലെ തീവ്രവാദികള്‍ക്ക് എളുപ്പത്തില്‍ സിം കാര്‍ഡ് ലഭ്യമാകുന്നുണ്ടെന്നും അതിനാലാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നും പറഞ്ഞ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ കെ.കെ വേണുഗോപാലിന്റെ വാദത്തിനു മറുപടിയെന്നോണമായിരുന്നു കോടതിയുടെ ചോദ്യം. സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിക്കുന്ന തീവ്രവാദികള്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നു എന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ആധാറിനെ ചിത്രീകരിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ആധാറിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വ്യകതികളെ തിരിച്ചറിയാന്‍ ആധികാരികമായി ഉപയോഗപ്പെടുത്താമെങ്കിലും ബാങ്ക് തട്ടിപ്പുകളെ തടയും എന്നും മറ്റുമുള്ള വാദം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.


Also Read:  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗത്തിനുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം


ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക് കൃത്യമായി സാമ്പത്തിക സഹായമെത്തിക്കാനും നികുതി വെട്ടിപ്പ് തടയാനും ബാങ്ക് കൊള്ളകളും തട്ടിപ്പുകളും തടയാനും ആധാര്‍ ഉപകരിക്കും എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചുകൊണ്ടിരിക്കെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടല്‍.

“തെറ്റായ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചല്ല ബാങ്ക് തട്ടിപ്പുകള്‍ നടന്നതെന്നിരിക്കെ ആധാര്‍ ഇത് തടയും എന്ന വാദം ശരിയല്ല. വായ്പയെടുക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്ത തട്ടിപ്പുകാരുടെ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ആധാറിന് മറ്റ് പ്രയോജനങ്ങള്‍ ഉണ്ടായിരിക്കാം, എന്നാല്‍, തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയില്ല”, ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു. “ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ ഒരു പരിഹരമല്ല; അതിന് മറ്റു വഴികള്‍ സ്വീകരിക്കേണ്ടതുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Watch This Video: