| Friday, 15th July 2022, 9:22 am

'അല്ല ഹേ, നിങ്ങളുടെ പോക്ക് കണ്ടാല്‍ വാര്‍ത്ത വായിക്കുന്നവര്‍ വരെ കുറ്റക്കാരാണെന്ന് തോന്നുമല്ലോ'; എന്‍.ഐ.എക്ക് എതിരെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരജി പരിഗണിക്കുന്നതിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പത്രത്തിലെ വാര്‍ത്ത വായിക്കുന്നവര്‍ വരെ എന്‍.ഐ.എക്ക് കുറ്റക്കാരാണോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ ചോദ്യം. യു.എ.പി.എ കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച കോടതി നടപടിയെ ചോദ്യം ചെയ്ത് എന്‍.ഐ.എ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ഹരജി കോടതി തള്ളി.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് രാമകൃഷ്ണ മൂര്‍ത്തി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.

ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

തൃതീ പ്രസ്തുതി കമ്മിറ്റി (ടി.പി.സി) എന്ന മാവോയിസ്റ്റ് സംഘവുമായി ചേര്‍ന്ന് പണം തട്ടിയതിന് സ്വകാര്യ കമ്പനിയുടെ ജനറല്‍ മാനേജറായ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. ഈ കേസിലാണ് കോടതി ജാമ്യം നല്‍കിയത്.

ആധുനിക് പവര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സസ് എന്ന കമ്പനിയുടെ ജനറല്‍ മാനേജരാണ് സഞ്ജയ് ജയിന്‍. 2018-ലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ. ജെയ്‌നിനെ കസ്റ്റഡിയില്‍ എടുത്തത്. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് വിഭാഗമായ ടി.പി.സി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. ജെയിനിന് എതിരെ യു.എ.പി.എ. പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

2021ലായിരുന്നു കേസില്‍ ജെയ്‌നിന് ജാമ്യം അനുവദിച്ചത്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദര്‍ശിക്കുകയും പണം നല്‍കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയെടുത്ത കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോയെന്നും കോടതി ചോദിച്ചു.

Content Highlight: Supreme court of india slams national investigation agency over questioning a bail plea

We use cookies to give you the best possible experience. Learn more