| Friday, 29th August 2014, 4:19 pm

ലൈംഗികാരോപണം: വനിത ജഡ്ജിയുടെ പരാതിയില്‍ സുപ്രീം കോടതി വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പീഡിപ്പിച്ചുവെന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പരാതിയില്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസയച്ചു. പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്വാളിയാര്‍ കോടതിയിലെ വനിതാ ജഡ്ജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

വനിതാ ജഡ്ജിയുടെ പരാതി പരിശോധിക്കാന്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റീസ് നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സമിതിയില്‍ വിശ്വാവസമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് മറുപടി നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മധ്യപ്രദേശിനു പുറത്തുനിന്നുള്ള രണ്ട് ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയും ഉള്‍പ്പെട്ട സമിതി പരാതി അന്വേഷിക്കണമെന്നാണ് വനിതാ ജഡ്ജിന്റെ ആവശ്യം.

ഒറ്റയ്ക്ക് തന്റെ ബംഗ്ലാവ് സന്ദര്‍ശിക്കണമെന്നും നൃത്തം ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശം. ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വനിതാ ജഡ്ജിയെ ഗ്വാളിയറില്‍ നിന്ന് സിദ്ദിയിലേക്ക് സ്ഥലം മാറ്റിയതായും പരാതിയില്‍ പറയുന്നു. ജുഡീഷ്യല്‍ പ്രൊഫഷനില്‍ നിന്നു തന്നെ പുറത്താക്കുമെന്ന ഭീഷണിയുണ്ടായപ്പോഴാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും വനിതാ ജഡ്ജി പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more