National
താജ്മഹലിനകത്ത് ഇനി പുറത്തുനിന്നുള്ളവര്‍ക്ക് നിസ്‌ക്കരിക്കാനാകില്ല; സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 09, 05:09 pm
Monday, 9th July 2018, 10:39 pm

ന്യൂദല്‍ഹി: താജ്മഹലിനകത്തുള്ള പള്ളിയില്‍ ആഗ്രനിവാസികളല്ലാതെ പുറത്തുനിന്നുള്ളവര്‍ക്ക് നിസ്‌ക്കരിക്കാന്‍ അനുവാദമില്ലെന്ന് സുപ്രീം കോടതി. താജ്മഹലിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ വിധി പ്രഖ്യാപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

ആഗ്രനിവാസികളല്ലാത്തവരെ താജ്മഹലിനകത്തുള്ള പള്ളിയില്‍ നിസ്‌ക്കരിക്കുന്നതില്‍ നിന്നും വിലക്കിയ ആഗ്ര അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.

“ഏഴ് ലോകാത്ഭുതങ്ങളിലൊന്നാണ് താജ്മഹല്‍. ആ താജ്മഹല്‍ തകര്‍ക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല.” ബെഞ്ച് അറിയിച്ചു.

ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണുമടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വിധി പ്രഖ്യാപിച്ചത്. ആഗ്രയില്‍ മറ്റു പള്ളികളുണ്ടെന്നും പുറത്തുനിന്നുള്ളവര്‍ക്ക് നിസ്‌ക്കരിക്കാന്‍ അവിടങ്ങളിലേക്കു ചെല്ലാമെന്നും ബെഞ്ച് പറഞ്ഞു.


Read Also : ജി.എന്‍.പി.സിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുക്കും; അഡ്മിന്‍മാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം


 

ജനുവരി 24നായിരുന്നു സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി താജ്മഹലിനകത്തുള്ള പള്ളിയില്‍ പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച നിസ്‌ക്കാരം നടത്തുന്നത് വിലക്കികൊണ്ടുള്ള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി വിധി വന്നത്. ഈ വിധി ശരിവെച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

താജ്മഹല്‍ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം ഹുസൈന്‍ സയ്ദിയായിരുന്നു ഹരജി സമര്‍പ്പിച്ചത്.

തുല്യരായ വ്യക്തികള്‍ തമ്മില്‍ വിവേചനം സൃഷ്ടിക്കുന്ന മജിസ്ട്രേറ്റ് വിധി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.

ആഗ്രനിവാസികളെ ദേഹപരിശോധനയ്ക്കുശേഷമാണ് പള്ളിയില്‍ പ്രവേശിപ്പിക്കുന്നത്. പുറത്തുനിന്നുള്ളവരെയും അതേ രീതിയില്‍ തന്നെ പ്രവേശിപ്പിക്കാന്‍ സാധിക്കുമല്ലോയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനാല്‍ തന്നെ ഈ വിധി വിവേകരഹിതമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. പ്രാര്‍ത്ഥിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും ഹരജിയില്‍ ഉന്നയിച്ചിരുന്നു.

ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.