'വൈകിയാല്‍ കുതിരക്കച്ചവടത്തിനു സാധ്യതയുണ്ട്'; മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി
Maharashtra
'വൈകിയാല്‍ കുതിരക്കച്ചവടത്തിനു സാധ്യതയുണ്ട്'; മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 12:17 pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന വിധിന്യായത്തിനിടെ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് വൈകുന്ന സാഹചര്യമുണ്ടായാല്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യതയുണ്ടെന്നായിരുന്നു ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.

‘ഈ സാഹചര്യത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെട്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഒരു അടിയന്തര വിശ്വാസ വോട്ടെടുപ്പാണ് ഇത്തരം കേസുകളില്‍ ഏറ്റവും ഫലപ്രദമായ കാര്യം. ജുഡീഷ്യല്‍ റിവ്യൂവിന്റെ സാധ്യതയും ഗവര്‍ണറുടെ സംതൃപ്തിയും നിലനിര്‍ത്തണമെന്ന വാദങ്ങള്‍ വളരെ പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്‌നങ്ങളാണ്.

അതേസമയം വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ കാരണവും കാണുന്നില്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നിട്ട് ഒരു മാസത്തോളം കഴിഞ്ഞിട്ടും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.’- കോടതി നിരീക്ഷിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരസ്യബാലറ്റിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈകീട്ട് അഞ്ചുമണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണു വിധിന്യായത്തില്‍ പറയുന്നത്. ഭരണഘടന മുറുകെ പിടിക്കാനായി നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നു എന്നായിരുന്നു കോടതി പറഞ്ഞത്.

എന്നാല്‍ പ്രോം ടേം സ്പീക്കറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ആവശ്യപ്പെടുകയായിരുന്നു.