| Wednesday, 27th May 2020, 7:45 am

അര്‍ണബിന് ലഭിച്ച ആനുകൂല്യം തനിക്കും വേണം; സുപ്രീംകോടതിയില്‍ ഷര്‍ജീല്‍ ഇമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരേ വിഷയത്തില്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഒന്നാക്കണമെന്ന ആവശ്യവുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാം. ഷര്‍ജീലിന്റെ  ഹരജിയില്‍ സുപ്രീംകോടതി നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു.

പൗരത്വ നിയമ പ്രതിഷേധത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയേയും ചുമത്തി തടവിലാണ് ഷര്‍ജീല്‍. ഷര്‍ജീലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശ്, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.

മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയ്ക്ക് ഇതേ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും ഷര്‍ജീലിന്റെ അഭിഭാഷകനായ സിദ്ധാര്‍ഥ് ദവെ വാദിച്ചു.

തന്റെ കക്ഷിക്കെതിരെ കേസുകള്‍ രാഷ്ട്രീയപ്രേരിതമായി രജിസ്റ്റര്‍ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെ കേന്ദ്ര സര്‍ക്കാറിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.

അര്‍ണബിന്റെ എഫ്.ഐ.ആറുകളെല്ലാം ഒന്നാണെന്നും ഷര്‍ജീലിന്റെ കാര്യത്തില്‍ അങ്ങനെ അല്ലെന്നും മേത്ത വാദിച്ചു.

ഷര്‍ജീലിനെതിരായ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് കൂടി മേത്ത അറിയിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. ഗുവാഹത്തി ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ജനുവരി 28 നാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more