ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടീസ്. ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെയും പവിത്രതയെയും ബാധിച്ചുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ആരോപണങ്ങളില്‍ എന്‍.ടി.എ ഉടനെ മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. നീറ്റ് പരീക്ഷ ഫലത്തിനെതിരായ വിദ്യാര്‍ത്ഥിനി ശിവാംഗി മിശ്രയുടെ ഹരജിയിലാണ് കോടതി നടപടി.
താത്കാലികമായി മെഡിക്കൽ കൗണ്‍സിലിങ് നിര്‍ത്തിവെക്കാന്‍ ഉത്തരവ് ഇടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അസ്മാനുള്ള, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജൂലൈ എട്ടിന് ഹരജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് എന്‍.ടി.എക്കെതിരിരായ ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. ഇതില്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുവെന്നാണ് മറ്റൊരു ആരോപണം.
ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി നീറ്റ്-യു.ജി പരീക്ഷാ ഫലം റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണണെമെന്നുമാണ് ഹരജിക്കാര്‍ ആവശ്യപ്പടുന്നത്. ശിവാംഗി മിശ്ര അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഹരജി നല്‍കിയിരിക്കുന്നത്.
എന്നാല്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നതെന്നാണ് എന്‍.ടി.എ അറിയിച്ചത്.
മുന്‍ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പറഞ്ഞു.
ഇതിനുപുറമെ പരീക്ഷ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന വാദവുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാര്‍ സിങ്ങും രംഗത്തെത്തി. ആരോപണങ്ങളില്‍ 1500 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാക്കും. എന്നാല്‍ ഇത് അഡ്മിഷന്‍ നടപടികളെ ബാധിക്കില്ലെന്നും സുബോദ് കുമാര്‍ സിങ് അറിയിച്ചു.
Content Highlight: Supreme Court notice to National Testing Agency on NEET exam irregularities