ന്യദല്‍ഹി: അന്യായ തടവ് ചോദ്യം ചെയ്ത് കൊണ്ടുള്ള മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീം കോടതി. നാല് ആഴ്ചക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
34 വര്‍ഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസില്‍ 2019ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ടാണ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബാലചന്ദ്ര വിരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സഞ്ജീവ് ഭട്ടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബല്‍, ദേവ്ദത്ത് കാമത്ത് എന്നിവരും ഹാജരായി.
1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എം.എസ്.പിയായിരുന്ന സമയത്ത് നടന്ന ഒരു പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ട് നിലവില്‍ ശിക്ഷ നേരിട്ട് കൊണ്ടിരിക്കുന്നത്. 2019ലാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചത്.
സഞ്ജീവ് ഭട്ടിന് പുറമെ അക്കാലത്തെ കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍സിന്‍ഹ് സാലെ എന്ന ഉദ്യോഗസ്ഥനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടാണ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഗുജറാത്ത് കലാപത്തില്‍ ബി.ജെ.പിക്കെതിരെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെയും നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. അതു കൊണ്ടുതന്നെ അദ്ദേഹത്തിനെതിരായുള്ള കേസ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് സഞ്ജിവ് ഭട്ടിന്റെ പങ്കാളി ശ്വേത ഭട്ട് ഉള്‍പ്പടെ ആരോപിക്കുന്നുണ്ട്.
content highlights: Supreme Court notice to Gujarat govt on Sanjiv Bhatt’s petition challenging unjust imprisonment