| Monday, 5th July 2021, 2:12 pm

നിയമം റദ്ദാക്കി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 66 എ പ്രകാരം കേസ് എടുക്കുന്നത് അമ്പരപ്പിക്കുന്നതെന്ന് സുപ്രീം കോടതി; കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2015ല്‍ റദ്ദാക്കിയ ഐ.ടി. ആക്ടിലെ വിവാദ നിയമമായ സെക്ഷന്‍ 66 എ പ്രകാരം ഇപ്പോഴും കേസെടുക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. നിയമം റദ്ദാക്കി 7 വര്‍ഷം കഴിഞ്ഞിട്ടും ഈ നിയമത്തില്‍ കേസുകള്‍ എടുക്കുന്നുവെന്ന് കേള്‍ക്കുന്നത് അമ്പരപ്പിക്കുന്നതാണ് എന്നാണ് ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപപരമായ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അനുവദിക്കുന്നതാണ് ഐ.ടി. ആക്ടിലെ 66 എ.

‘ഇത് ഞെട്ടിക്കുന്നതാണ്. ഞങ്ങളിതില്‍ നോട്ടീസ് നല്‍കും. ഇത് അമ്പരപ്പിക്കുന്നതാണ്. ഈ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്യധികം അപകടകരമാണ്,’ ജസ്റ്റിസ് നരിമാന്‍, കെ.എം. ജോസഫ്, ബി.ആര്‍. ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കോടതി കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. രണ്ടാഴ്ചയാണ് കേന്ദ്രത്തിന് നല്‍കിയ സമയം.

ഐ.ടി. നിയമത്തിലെ 66 എ പ്രകാരം പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ തസിവില്‍ ലിബര്‍ട്ടീസ് എന്ന എന്‍.ജി.ഒ നല്‍കിയ കേസ് പരിഗണിക്കവെയാണ് സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സെക്ഷന്‍ 66 എ റദ്ദാക്കിയ ശേഷവും 1307 ഓളം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതില്‍ 570ഓളം കേസുകള്‍ ഇപ്പോഴും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. അതില്‍ കൂടുതല്‍ കേസുകളും മഹാരാഷ്ട്രയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു.

2015ല്‍ ശ്രേയ സിംഗാള്‍ കേസിലാണ് 66 എ വകുപ്പ് സുപ്രിംകോടതി റദ്ദാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme Court Notice To Centre On Cases Under Scrapped Law 66 A

We use cookies to give you the best possible experience. Learn more