| Friday, 28th October 2011, 12:00 pm

കെ.ജി.ബിയുടെ സ്വത്ത്: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്ണന്റെ സ്വത്ത് വിവാദം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. വിവാദത്തില്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ആയിരിക്കെ ബന്ധുക്കള്‍ക്കും മറ്റും വഴിവിട്ട് സഹായം ചെയ്തുവെന്ന് ആരോപണത്തില്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എട്ടു മാസങ്ങള്‍ക്ക് മുമ്പ് ശര്‍മ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. കെ.ജി.ബാലകൃഷ്ണനും ബന്ധുക്കള്‍ക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകള്‍ കേരള സര്‍ക്കാരിന്റെ കൈവശമുണ്‌ടെന്നും ഇത് സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ ബിനാമി പേരില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് വഴിവിട്ട് ഭൂമി അനുവദിച്ചതായും ശര്‍മയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more