തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടി തുടരാം; ബാബുവിന്റെ വാദം പിന്നീട് കേള്‍ക്കുമെന്ന് സുപ്രീം കോടതി
national news
തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടി തുടരാം; ബാബുവിന്റെ വാദം പിന്നീട് കേള്‍ക്കുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 2:52 pm

ന്യൂദല്‍ഹി: തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന കെ. ബാബു എം.എല്‍.എയുടെ അപ്പീലില്‍ സുപ്രീം കോടതി തീരുമാനമെടുത്തില്ല.

തൃപ്പൂണിത്തുറയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജ് നേരത്തെ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ബാബു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. നിലവില്‍ ഹൈക്കോടതിയുടെ നടപടിക്രമങ്ങള്‍ തുടരാമെന്ന് ഉത്തരവിട്ട കോടതി, ബാബുവിന്റെ വാദം പിന്നീടൊരിക്കല്‍ കേള്‍ക്കാമെന്നും വ്യക്തമാക്കി.

കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് എതിര്‍സ്ഥാനാര്‍ത്ഥി എം. സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ബാബു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയെന്നും തെരഞ്ഞെടുപ്പ് സമയത്തെ വോട്ടേര്‍സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രമുപയോഗിച്ചെന്നും ഹരജിയില്‍ ആരോപിക്കുന്നു.

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്നും സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ. ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തിയെന്നും ഹരജിയില്‍ ഉണ്ടായിരുന്നു. എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും ബാബു പ്രചരണം നടത്തിയെന്നും ഹരജിയില്‍ പറയുന്നു. ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.

Content Highlight: Supreme Court may continue High Court proceedings in Tripunithura election case