കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും കൈവശം വെക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റം: സുപ്രീം കോടതി
national news
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും കൈവശം വെക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2024, 12:02 pm

ന്യൂ ദൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീം കോടതി. കുട്ടികൾക്കെതിരായ  ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം( പോക്സോ) പ്രകരമാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും സ്വകാര്യമായി കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സ്വകാര്യമായി കാണുന്നത് പോക്സോ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് വിധി.

‘കുട്ടികളുടെ അശ്ലീലം’ എന്ന വാക്കിന് പകരം ‘ലൈംഗിക ചൂഷണം ചെയ്യുന്ന വസ്തുക്കൾ’ എന്ന് മാറ്റാനാണ് സുപ്രീം കോടതിയുടെ നിർദേശം. ഭേദഗതി പ്രാബല്യത്തിൽ വരുന്ന വരെ ഓർഡിനസ് പുറപ്പെടുവിപ്പിക്കാൻ സർക്കാരിനോട്‌ കോടതി ആവശ്യപ്പെട്ടു.

ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഏപ്രിലിൽ വിധി പറയാനായി മാറ്റി വച്ചിരുന്നു. ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ്‌ മിശ്ര എന്നിവരും ഉൾപ്പെടുന്നതാണ് ബെഞ്ച്.

മുമ്പ് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെച്ചതിന് 28കാരനായ ചെന്നൈ സ്വദേശിക്കെതിരെയുള്ള എഫ്.ഐ.ആറും ക്രിമിനൽ നടപടികളും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. യുവാവ് ചിത്രങ്ങൾ സ്വകാര്യമായി കാണുകയും അത് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയും കൈമാറുകയും ചെയ്യാത്തതിനാൽ പോക്സോ നിയമ പ്രകാരം കുറ്റമല്ലെന്നായിരുന്നു കോടതി പറഞ്ഞത്.

 ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 67 ബി, പോക്സോ നിയമത്തിലെ സെക്ഷൻ 14(1) എന്നിവ പ്രകാരം പ്രതിയുടെ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

 

Content Highlight: Supreme Court makes it a crime to keep pornographic images of children