ന്യൂദല്‍ഹി: സുപ്രീം കോടതിയിലെ 30 ജഡ്ജിമാര്‍ സ്വത്തുവിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്തും. ഏപ്രില്‍ ഒന്നിന് നടന്ന ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലാണ് തീരുമാനം.
ഇനിമുതല്‍ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ തീരുമാനം ഭാവിയില്‍ ജഡ്ജി പദവിയിലെത്തുന്നവര്‍ക്കും ബാധകമായിരിക്കും.
ജുഡീഷ്യറിയുടെ സുതാര്യത വര്‍ധിപ്പിക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ഭൂഷണ്‍ രാമകൃഷ്ണ ഗവായ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവര്‍ ഇതിനോടകം സ്വത്തുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ പൊതുവായ ഒരു ഇടത്ത് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല.
ദല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള തീരുമാനം. ജഡ്ജിയുടെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ പണക്കെട്ടുകള്‍ കണ്ടെത്തിയത് ജുഡീഷ്യറിയെ ചോദ്യമുനയില്‍ നിര്‍ത്തിയിരുന്നു.
പിന്നീട് കോളീജിയത്തിന്റെ ശുപാര്‍ശ അനുസരിച്ച് യശ്വന്ത് വര്‍മയെ മാതൃകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. കൊളീജിയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലമാറ്റ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെ അഭിഭാഷകര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
ഇതിനുമുമ്പ് യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകമ്മിറ്റിഅന്വേഷണം നടത്തവെയാണ് യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയത്.
പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് യശ്വന്ത് വര്‍മക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നത്.
ആഭ്യന്തര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് അഭയസോഗയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Content Highlight: Supreme Court justices decide to make asset details public