| Wednesday, 6th March 2024, 7:53 pm

കോടതിയില്‍ പൂജയും അര്‍ച്ചനയും വേണ്ട; ഭണഘടനാ ആമുഖത്തെ വണങ്ങി നിയമനടപടികള്‍ തുടങ്ങാം: ജസ്റ്റിസ് അഭയ് ഓക

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കോടതിയില്‍ മതപരമായ ചടങ്ങുകള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് അഭയ് എസ്. ഓക. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭണഘടനാ ആമുഖത്തെ വണങ്ങി തുടങ്ങാമെന്ന് ജസ്റ്റിസ് അഭയ് പറഞ്ഞു. പൂനെയിലെ പുതിയ കോടതി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

കോടതികളില്‍ അര്‍ച്ചനയും പൂജയും ചെയ്യുന്നത് നിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അവയ്ക്ക് പകരമായി ഭണഘടനാ ആമുഖത്തെ വണങ്ങി നിയമനടപടികള്‍ ആരംഭിക്കാമെന്നും ജസ്റ്റിസ് അഭയ് പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം പ്രോത്സാഹിപ്പിക്കേണ്ടത് ഇന്ത്യന്‍ പൗരന്മാരുടെയും നിയമപാലകരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും താത്പര്യപ്പെടുന്ന രീതിയില്‍ ജഡ്ജിമാര്‍ക്ക് എപ്പോഴും ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കാന്‍ കഴിയില്ല. അത്തരത്തിലൊരു കാര്യം പറയാനാണ് താന്‍ നിലവില്‍ ശ്രമിക്കുന്നതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഈക്കാര്യം ജസ്റ്റിസ് അഭയ് വിശദമാക്കിയത്.

കര്‍ണാടകയില്‍ ആയിരുന്നപ്പോള്‍ ഇത്തരം മതപരമായ പരിപാടികള്‍ കുറയ്ക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും പൂര്‍ണമായി അവ തടയാന്‍ തനിക്ക് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ മൂല്യം കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കോടതി സംവിധാനം ബ്രിട്ടീഷുകാര്‍ രൂപീകരിച്ചതാണെങ്കിലും അത് നടപ്പിലാക്കികൊണ്ട് പോവുന്നത് ബി.ആര്‍. അബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയെ മുൻനിർത്തിയാണ് എന്നും ജസ്റ്റിസ് പറഞ്ഞു.

Content Highlight: Supreme Court Justice Abhay S. Oka has recommented an end to religious ceremonies in the court

We use cookies to give you the best possible experience. Learn more