ന്യൂദൽഹി: ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ അവസാനിപ്പിക്കാനുള്ള എൻ.സി.എൽ.എ.ടി തീരുമാനം തള്ളി സുപ്രീം കോടതി.
എഡ്‌ടെക് കമ്പനിയായ ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ നിർത്തിവെക്കുകയും ബി.സി.സി.ഐയുമായുള്ള കമ്പനിയുടെ 158.9 കോടി രൂപ കുടിശ്ശിക തീർപ്പാക്കുന്നതിന് അനുമതി നൽകുകയും ചെയ്ത നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ (എൻ.സി.എൽ.എ.ടി ) ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച തള്ളുകയായിരുന്നു.
ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് 158.9 കോടി രൂപ കടക്കാരുടെ സമിതിയിൽ (സി.ഒ.സി) നിക്ഷേപിക്കാൻ ബി.സി.സി.ഐയോട് നിർദേശിച്ചു.
വാദത്തിനിടെ, എൻ.സി.എൽ.ടിയുടെ തീരുമാനത്തെക്കുറിച്ച് ബെഞ്ച് സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു. ബി.സി.സി.ഐക്ക് 15,000 കോടിയിലധികം കടം ഉള്ളപ്പോൾ 150 കോടി രൂപ കടം തീർക്കാൻ ബൈജൂസ് തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും എൻ.സി.എൽ.എടിക്ക് ഇത്തരമൊരു ഒത്തുതീർപ്പ് എങ്ങനെ അംഗീകരിക്കാനാകുമെന്നും ബെഞ്ച് ചോദിച്ചു.
എൻ.സി.എൽ.എ.ടി ഉത്തരവിനെതിരെ യു.എസ് ആസ്ഥാനമായുള്ള ക്രെഡിറ്റർ സ്ഥാപനമായ ഗ്ലാസ് ട്രസ്റ്റ് കമ്പനി എൽ.എൽ.സി നൽകിയ അപ്പീലിലാണ് കോടതിയുടെ വിധി.
ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ്റെ സഹോദരനും കമ്പനിയിലെ പ്രധാന ഓഹരി ഉടമയുമായ റിജു രവീന്ദ്രനാണ് ഈ ഒത്തുതീർപ്പിന് ധനസഹായം നൽകുന്നത്. കുടിശ്ശിക നികത്താൻ തൻ്റെ സ്വകാര്യ ഫണ്ട് ഉപയോഗിക്കുമെന്ന് റിജു രവീന്ദ്രൻ പറഞ്ഞു. 2015 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ ബൈജൂസിൻ്റെ മാതൃ കമ്പനിയായ തിങ്ക് & ലേണിലെ ഓഹരികൾ വിറ്റതിൽ നിന്നാണ് ഈ ഫണ്ടുകൾ ലഭിച്ചത്.
ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) കോർപ്പറേറ്റ് പാപ്പരത്ത പ്രമേയം 2024 ജൂൺ 16ന് ഉത്തരവിട്ടതോടെയാണ് ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിച്ചത്. ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട് ബൈജുവിൻ്റെ 158.9 കോടി രൂപ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ഈ നടപടി.
എൻ.സി.എൽ.ടിയുടെ തീരുമാനത്തിൽ ബൈജുവിൻ്റെ ബോർഡിനെ സസ്പെൻഡ് ചെയ്യുകയും കമ്പനിയുടെ സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യാൻ ഒരു ഇടക്കാല റെസലൂഷൻ പ്രൊഫഷണലിനെ നിയമിക്കുകയും ചെയ്തു.
2019 ജൂലൈയിൽ സ്ഥാപിതമായ ബി.സി.സി.ഐയുമായുള്ള ‘ടീം സ്പോൺസർ എഗ്രിമെൻ്റാണ് ‘ ബൈജുവിൻ്റെ സാമ്പത്തിക പ്രശ്‌നങ്ങളുടെ കാതൽ. ക്രിക്കറ്റ് ടെലികാസ്റ്റ് സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കിറ്റ് പരസ്യത്തിൽ ബ്രാൻഡ് പ്രദർശിപ്പിക്കാനും ബി.സി.സി.ഐ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് ആക്‌സസ് ചെയ്യാനും ബൈജൂസിന്റെ പ്രത്യേക അവകാശം ഈ കരാർ അനുവദിച്ചു.
പകരമായി, സ്പോൺസർഷിപ്പ് തുക നൽകാൻ ബൈജൂസ് സമ്മതിച്ചു. ബൈജൂസ് 2022 മാർച്ച് വരെയുള്ള പേയ്‌മെൻ്റ് ബാധ്യതകൾ നിറവേറ്റുകയും 2022 ജൂണിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ഫീസ് തീർക്കുകയും ചെയ്‌തെങ്കിലും, തുടർന്നുള്ള ഇൻവോയ്‌സുകൾ അടയ്ക്കുന്നതിൽ പരാജയപ്പെട്ടു. 143 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി എൻക്യാഷ് ചെയ്തിട്ടും 158.9 കോടി രൂപയുടെ കുറവുണ്ടായി.
Content Highlight: Supreme Court junks NCLAT decision to close insolvency proceedings against Byju’s