| Thursday, 27th September 2018, 11:04 am

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല; സ്ത്രീയുടെ യജമാനനല്ല ഭര്‍ത്താവെന്നും സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ് നിലനില്‍ക്കുമോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്.

497ാം വകുപ്പിന്റെ പരിധിയില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വകുപ്പ് തന്നെ കാലഹരണപ്പെട്ടതാണെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.

497ാം വകുപ്പ് ഏകപക്ഷീയമെന്നായിരുന്നു അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരുടേതാണ് വിധി. 497ാം വകുപ്പ് റദ്ദാക്കണമെന്നും ഇവര്‍ നിലപാടെടുത്തു.

Also Read:ഇനിയും അത് തന്നെ ചെയ്യും; രാജ്യദ്രോഹത്തിന് കേസെടുത്ത് പേടിപ്പിക്കാന്‍ നോക്കണ്ട; മോദിക്കെതിരെ ദിവ്യ സ്പന്ദനയുടെ മാസ് മറുപടി

വിവാഹേതര ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണമായി തുടരാം. എന്നാല്‍ ക്രിമിനല്‍ കുറ്റം അല്ലെന്ന് ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം വിദേശ രാജ്യങ്ങളും ഇത് റദ്ദാക്കിയിട്ടുണ്ടെന്നും രണ്ട് ജഡ്ജിമാര്‍ വ്യക്തമാക്കി.

ലിംഗവിവേചനം ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ച കോടതി സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണെന്നും വ്യക്തമാക്കി. പുരുഷനും സമൂഹം ആവശ്യപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കണമെന്ന് സ്ത്രീകളോട് പറയാന്‍ ആകില്ല. സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണ്. ഭര്‍ത്താവ് സ്ത്രീയുടെ യജമാനനല്ലെന്നും കോടതി വ്യക്തമാക്കി.

497ാം വകുപ്പ് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമെന്ന് ജസ്റ്റിസ് നരിമാന്‍ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരുടെ നിലപാടിന് സമാനമായ നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ താല്‍പര്യമാണ് നിയമത്തിലെന്നും അദ്ദേഹം നിരീക്ഷിച്ചു.

ജസ്റ്റിസ് ചന്ദ്രചൂഢും ഈ നിയമത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ഭൂതകാലത്തിന്റെ നിയമമാണിതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ഹനിക്കുന്ന നിയമമാണിത്. സ്ത്രീകളെ പുരുഷന്റെ സ്വത്തായി കണക്കാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നും ചന്ദ്രചൂഢ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more