ഐ.പി.എല്‍ വാതുവെയ്പ്: സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മുകുള്‍ മുദ്ഗല്‍
Daily News
ഐ.പി.എല്‍ വാതുവെയ്പ്: സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മുകുള്‍ മുദ്ഗല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd January 2015, 9:30 am

justice_mukul--621x414 ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെയ്പുമായി ബന്ധപ്പെട്ട് രാജ്കുന്ദ്ര, ഗുരുനാഥ് മെയ്യപ്പന്‍ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയ സുപ്രീം കോടതി വിധി ചരിത്ര പ്രധാനമെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍. വിധിക്ക് ദൂരവ്യാപകമായ ഫലങ്ങളുണ്ടെന്നും വിധിയിലൂടെ ബി.സി.സി.ഐയുടെ പൊതു സ്വഭാവത്തില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അദ്ധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി കേസില്‍ വിധി പ്രസ്താവിച്ചിരുന്നത്. ബി.സി.സിഐ യെ വിവിരാവകാശ നിയമത്തിന് കീഴില്‍ കൊണ്ട് വരുന്നതിനടക്കം ഇദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നു.

2013 ല്‍ നടന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അങ്കിത് ചവാന്‍, ശ്രീശാന്ത്, അജിത് ചണ്ട്യാല എന്നിവര്‍ ഒത്തു കളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറിലായിരുന്നു സുപ്രീംകോടതി മുഗ്ദല്‍ കമ്മറ്റിയെ നിയോഗിച്ചിരുന്നത്.

കമ്മറ്റി റിപ്പോര്‍ട്ടിനെ ആധാരമാക്കി ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചായിരുന്നു കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

ഒത്തു കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഹ ഉടമയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചിരുന്നു.

ശ്രീനിവാസനെതിരെ തെളിവുകളില്ലെങ്കിലും അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കാനാകില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.