ബംഗാള്‍ അക്രമം; കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്‍മാറി
national news
ബംഗാള്‍ അക്രമം; കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്‍മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th June 2021, 4:59 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയാണ് പിന്മാറിയത്. വാദം കേള്‍ക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇന്ദിര ബാനര്‍ജി പിന്മാറിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ എപ്രില്‍ 10നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്.

ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ലോകേത് ചാറ്റര്‍ജിയുടെ വാഹനം നാട്ടുകാര്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.