രാഷ്ട്രപതിയുടെ അം​ഗീകാരം ലഭിക്കാതെ ബില്ലുകൾ കെട്ടിക്കിടക്കുന്നു; കേരള, ബം​ഗാൾ ​ഗവർണർമാർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
national news
രാഷ്ട്രപതിയുടെ അം​ഗീകാരം ലഭിക്കാതെ ബില്ലുകൾ കെട്ടിക്കിടക്കുന്നു; കേരള, ബം​ഗാൾ ​ഗവർണർമാർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 12:33 pm

ന്യൂദല്‍ഹി: രാഷ്ട്രപതിക്ക് അയച്ച് ബില്ലുകളുടെ അംഗീകാരം വൈകിപ്പിച്ച നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ച് സുപ്രീം കോടതി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കേരളവും, ബംഗാളും സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പരിദ്വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സെക്രട്ടറിമാര്‍ക്കും രണ്ട് ഗവര്‍ണര്‍മാര്‍ക്കും നോട്ടീസ് അയച്ചത്.

ഒരു വര്‍ഷത്തിലേറെയായി ഒരു കാരണവും അറിയിക്കാതെ എട്ട് ബില്ലുകൾ ഗവര്‍ണര്‍മാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹരജിയില്‍ ആരോപിച്ചു. ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ വെല്ലുവിളിക്കുകയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.

വിഷയം സുപ്രീം കോടതിയില്‍ അവതരിപ്പിച്ചപ്പോഴാണ് രാഷട്രപതിക്ക് ബില്ലുകള്‍ അയക്കാന്‍ ഗവര്‍ണര്‍ തയ്യാറായതെന്ന് ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് എപ്പോള്‍ ബില്ലുകള്‍ തിരികെ നല്‍കാമെന്ന കാര്യത്തില്‍ കോടതി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് കെ.കെ. വേണുഗോപാല്‍ വാദിച്ചു.

ബില്ലുകള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ അധികാരങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് രാജ്യത്തെ വിവിധ ഗവര്‍ണര്‍മാര്‍ക്കുള്ള ആശയക്കുഴപ്പമാണിത്. നിലവിലെ സാഹചര്യത്തില്‍, എട്ട് ബില്ലുകളില്‍ രണ്ടെണ്ണം 23 മാസമായി കെട്ടിക്കിടക്കുകയായിരുന്നു. കേരള ഗവര്‍ണര്‍ റഫര്‍ ചെയ്ത ഏഴ് ബില്ലുകളില്‍ നാലെണ്ണത്തിന്റെയും അനുമതി തടഞ്ഞുവച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നടപടിയെ കേരളം കോടതിയില്‍ എതിര്‍ത്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സമര്‍പ്പിച്ച റിട്ട് ഹരജിയില്‍, ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയെയും സംസ്ഥാനം ചോദ്യം ചെയ്തു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍ക്കൊന്നും രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്നും കേരളം വാദിച്ചു.

സംസ്ഥാന സര്‍വ്വകലാശാലകളും സഹകരണ സംഘങ്ങളും സംബന്ധിച്ച നിയമങ്ങളിലെ ഭേദഗതികളുമായി ബന്ധപ്പെട്ടതാണ് ബില്ലുകള്‍. നിയമസഭ പാസാക്കിയ തീയതി മുതല്‍ മാസങ്ങളോളം ഗവര്‍ണര്‍ ബില്ലുകള്‍ തീര്‍പ്പാക്കാതെ സൂക്ഷിച്ചതായും കേരളം ചൂണ്ടിക്കാട്ടി.

നേരത്തെ, ഗവര്‍ണറുടെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് സുപ്രീം കോടതി ഹരജിയില്‍ നോട്ടീസ് അയച്ചതിന് ശേഷം ഗവര്‍ണര്‍ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു. 2023 നവംബര്‍ 29ന്, ഹരജി പരിഗണിക്കവേ ഗവര്‍ണറെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 29ന് രാഷ്ട്രപതി നാല് ബില്ലുകളുടെ അംഗീകാരം തടഞ്ഞുവയ്ക്കുകയും മറ്റ് മൂന്ന് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ യൂണിവേഴ്‌സിറ്റി നിയമങ്ങളിലെ ഭേദഗതി ഉള്‍പ്പടെയുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെക്കുകയും ചെയ്തു.

Content Highlight: Supreme Court issues notices on pleas by Bengal, Kerala govts against governors over pending bills