ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടിയില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന, അഡ്വ. റിഷി മല്‍ഹോത്ര തുടങ്ങിയവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേസുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കോടതിക്ക് മുന്‍പില്‍ ഹാജരാക്കണമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയാണ് കോടതി സര്‍ക്കാരിന് അനുവദിച്ചിരിക്കുന്ന സമയം.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബില്‍ക്കിസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.
ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്‌ഠേന ഉത്തരവിട്ടത്.
അതേസമയം സമിതിയിലെ ഭൂരിഭാഗം പേരും ബി.ജെ.പിക്കാരാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള സമിതിയുടെ തീരുമാനത്തിനെതിരെ കേസില്‍ അന്ന് വിധി പറഞ്ഞ ജഡ്ജി രംഗത്തെത്തിയിരുന്നു. യു.ഡി സല്‍വിയായിരുന്നു അന്ന് കേസില്‍ വിധി പറഞ്ഞത്.
കേസില്‍ തെളിവുകളും മൊഴികളും സൂക്ഷ്മപരിശോധന നടത്തി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് സല്‍വിയായിരുന്നു. ഇവരുടെ വിധി പിന്നീട് ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വിധി ഇരു കോടതികളും ശരിവെക്കുകയും ചെയ്തിരുന്നു.
Content Highlight:Supreme court issues notice to Gujarat government for granting bail to bilkis bano case culprits