'ആദ്യം കാരണം വ്യക്തമാക്കൂ, എന്നിട്ടാകാം വിലക്ക്'; ബി.ബി.സി ഡോക്യുമെന്ററി വിലക്കിൽ കേന്ദ്രത്തോട് സുപ്രീം കോടതി
national news
'ആദ്യം കാരണം വ്യക്തമാക്കൂ, എന്നിട്ടാകാം വിലക്ക്'; ബി.ബി.സി ഡോക്യുമെന്ററി വിലക്കിൽ കേന്ദ്രത്തോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2023, 3:49 pm

​ന്യൂദൽഹി: ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി. ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സർക്കാർ സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വന്ന ഹരജികൾ പരി​ഗണിക്കുകയായിരുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹരജികൾ പരി​ഗണിച്ചത്. കേന്ദ്രസർക്കാരിന്റെ ഭാ​ഗം കേട്ടശേഷമേ വിഷയത്തിൽ ഇടക്കാല നിർദേശങ്ങൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.

പത്രപ്രവർത്തകൻ എൻ. റാം, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര , അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സമർപ്പിച്ച ഹരജിയും അഭിഭാഷകൻ എം. എൽ. ശർമയുടെ ഹരജിയുമാണ് കോടതി പരി​ഗണിച്ചത്.

ജനുവരി 20നാണ് യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിൽ നിന്നും ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പിൻവലിക്കണമെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഡോക്യുമെന്ററി രാജ്യത്തെ ഐക്യവും അഖണ്ഡതയും തകർക്കുമെന്നും, മറ്റ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള സൗഹൃദം ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ ഡോക്യുമെന്ററിയാണ് ഇന്ത്യയിൽ ബാൻ ചെയ്തത്. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ഹിന്ദുത്വ ​ഗ്രൂപ്പുകൾ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ന്യൂദൽഹിയിലെ കസ്തൂർബാ ഗാന്ധി മർഗിലെ ബി.ബി.സി ഓഫീസിന് പുറത്ത് ബി.ബി.സി നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ഹിന്ദുസേന സ്ഥാപിച്ചിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണ് ബി.ബി.സി നടത്തുന്നതെന്നായിരുന്നു ഹിന്ദു സേനയുടെ ആരോപണം.

‘ബി.ബി.സി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ്. ബി.ബി.സി ഉടൻ നിരോധിക്കണം,’ ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങൾ നിലനിൽക്കെ ഡോക്യുമെന്ററിയുടെ രണ്ടാംഭാ​ഗവും ബി.ബി.സി പുറത്തിറക്കിയിരുന്നു. 2019ൽ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദി സർക്കാർ ഭരണം പരിശോധിക്കുന്നതാണ് രണ്ടാമത്തെ എപ്പിസോഡ്.

Content Highlight: Supreme court issues notice to Centre on BBC documentary ban