national news
എല്‍ഗര്‍ പരിഷത്ത് കേസ്; എന്‍.ഐ.എക്കും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂദല്‍ഹി: എല്‍ഗര്‍ പരിഷത്ത് കേസില്‍ ഇടക്കാല ജാമ്യം തേടി ആക്റ്റിവിസ്റ്റ് ഷോമ കാന്തി സെന്‍ നല്‍കിയ ഹരജിയില്‍ നാഷണന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസിന്റെയും ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്.
ജാമ്യത്തിനായി പ്രത്യേക എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള സെന്നിന്റെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
‘ഞാന്‍ ഇടക്കാല ജാമ്യം തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സെന്നിന്റെ ആരോഗ്യം വഷളാകുന്നത് കൊണ്ടാണ് ജാമ്യം ആവശ്യപ്പെടുന്നത്. സെന്നിന് 65 വയസായി. അഞ്ച് വര്‍ഷമായി അവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്,’ സെന്നിന് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ പറഞ്ഞു.
സെന്നിന്റെ കേസ് സുപ്രീം കോടതി സമാനക്കേസില്‍ നേരത്തെ ജാമ്യം അനുവദിച്ച മറ്റ് രണ്ട് കൂട്ടുപ്രതികളുടേതിന് സമാനമാണോയെന്ന് കോടതി ഗ്രോവറിനോട് ചോദിച്ചു.
ജൂലൈ 28ന് ജസ്റ്റിസ് ബോസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ കേസില്‍ ആക്ടിവിസ്റ്റുകളായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് വര്‍ഷമായി അവര്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ സെന്‍ അഞ്ചു വര്‍ഷമായി കസ്റ്റഡിയിലാണെന്നും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഗ്രോവര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സെന്നിന് ലീവ് അനുവദിക്കുന്നതായും ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷയില്‍ നോട്ടീസ് നല്‍കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം സമാനക്കേസില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ആക്റ്റിവിസ്റ്റ് ജ്യോതി ജഗ്താപ് നല്‍കിയ പ്രത്യേക ഹരജി സെപ്റ്റംബര്‍ 21ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവര്‍വാഡയില്‍ നടന്ന എല്‍ഗര്‍ പരിഷത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നതാണ് കേസ്. ഈ യോഗമാണ് ഭീമ കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപം അക്രമമുണ്ടാകാന്‍ കാരണമെന്നാണ് പൊലീസ് അവകശാപ്പെടുന്നത്. മാവോയിസ്റ്റുകളുടെ പിന്തുണയോട് കൂടിയാണ് പരിഷത്ത് നടന്നതെന്നും പൂനെ പൊലീസ് പറഞ്ഞിരുന്നു.
തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കോണ്‍ക്ലേവാണ് അക്രമ സംഭവങ്ങള്‍ക്ക് പ്രചോദനമായതിന് പിന്നിലെന്നും മാവോയിസ്റ്റ് -ദേശവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഇതിലുണ്ടെന്നും എന്‍.ഐ.എയും ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളും പൊലീസും എന്‍.ഐ.എയും മനപൂര്‍വം പ്രതിചേര്‍ത്തുവെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു.
ജെസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമിയായിരുന്നു കേസില്‍ അറസ്റ്റിലായ ഏറ്റവും പ്രായം കൂടിയ വ്യക്തി. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. 2021 ജൂലൈ അഞ്ചിനാണ് അദ്ദേഹം മരിക്കുന്നത്. 2018 ജൂണ്‍ ആറിനാണ് കേസില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയായ ഷോമ കാന്തി സെന്നിനെ കേസില്‍ അറസ്റ്റ് ചെയ്യുന്നത്.
content highlights: Supreme court issued notice to NIA and maharashtra governmenrt in elger conclave case