ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരെ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
national news
ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരെ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 12:33 pm

ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ നോട്ടീസയച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

പ്രതികളെ ജാമ്യത്തില്‍ വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ലഭിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിന് കേസിലെ ഇളവ് സംബന്ധിച്ച് തീരുമാനമെടക്കാമെന്ന് 2022 മേയില്‍ വിധി പറഞ്ഞത് ജസ്റ്റിസ് റസ്‌തോഗി, ജസ്റ്റിസ് വിക്രം നാഥ് തുടങ്ങിയവരായിരുന്നു.

സി.പി.ഐ.എം എം.പി സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, പ്രൊഫ. രൂപ് രേഖ വര്‍മ എന്നിവരായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരെ ഹരജി നല്‍കിയത്.

അതേസമയം പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനമെന്ന വാദം കോടതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വെറുതെ വിടാനല്ല ശിക്ഷ ഇളവുകളെ കുറിച്ച് പരിശോധിക്കാന്‍ മാത്രമാണ് കോടതി പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നടന്ന മുസ്‌ലിം പാലായനം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഹരജി നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബില്‍ക്കിസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.

ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്ഠേന ഉത്തരവിട്ടത്.

Content Highlight: Supreme court issued notice to gujarat government over the release of rape convicts in bilkis bano case