| Friday, 22nd November 2013, 12:40 pm

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹരജിയില്‍ സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാറിനും നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനും സി.ബി.ഐയ്ക്കും സുപ്രീം കോടതി നോട്ടീസ്.

കേസില്‍ 22 ഉന്നതര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. ഉന്നതരുടെ പേരുകള്‍ പറഞ്ഞാല്‍ ജുഡീഷ്യറിക്ക് നാണക്കേടുണ്ടാക്കും.

സാക്ഷിക്കാള്‍ക്ക് പണം നല്‍കി കൂറു മാറ്റുന്നതിന് ശ്രമം നടന്നു.

കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടരുകയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉന്നതര്‍ പറഞ്ഞ വാക്കുകള്‍ തുറന്ന കോടതിയില്‍ പറയാന്‍ സാധിക്കില്ലെന്ന് ഹരജിയില്‍ പറയുന്നു.

ഏറെ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് വി.എസ്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും കേസിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം വി.എസിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.  കെ.എ റൗഫ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടത്.

ജുഡീഷ്യറിയിലെ പ്രമുഖരടക്കം 22 പേര്‍ കേസില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതിനാല്‍ അത്തരമൊരു കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും ഹരജിയില്‍ പറയുന്നു.

അതേസമയം, ഐസ്‌ക്രീം കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണമില്ല. മന്ത്രി കുഞ്ഞാലിക്കുട്ടിയെ എതിര്‍ കക്ഷിയാക്കി സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

14 വര്‍ഷമായി നീണ്ടുപോകുന്ന കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more