| Friday, 9th August 2024, 10:15 pm

ശബരിമല മേല്‍ശാന്തി നിയമനം; ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ ഇടപെട്ട് സുപ്രീം കോടതി. മേല്‍ശാന്തിയുടെ നിയമനവുമായി ബന്ധപ്പെട്ട ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്‌മണര്‍ക്കായി പരിമിതപ്പെടുത്തിയ നീക്കത്തെ ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രീം കോടതി ഇടപ്പെട്ടത്. അവര്‍ണ വിഭാഗക്കാരായ സിജിത്ത് ടി.എല്‍, വിജീഷ് പി.ആര്‍ എന്നിവരുടെ ഹരജിയിലാണ് നടപടി.

ശബരിമല മേല്‍ശാന്തി തസ്തികയിലേക്കുള്ള ഹരജിക്കാരുടെ അപേക്ഷകള്‍ മലയാള ബ്രാഹ്‌മണര്‍ അല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതാണ് ഇരുവരും സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. മറ്റെല്ലാ യോഗ്യതകളുമുണ്ടായിട്ടും ബ്രാഹ്‌മണരല്ലാത്തതുകൊണ്ട് മാത്രം തങ്ങള്‍ക്ക് മേല്‍ശാന്തിയാകാന്‍ കഴിയുന്നില്ലെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹരജിക്കാരില്‍ ഒരാളായ സിജിത്ത് തൃശൂര്‍ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. കൂടാതെ സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. നിയമ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മോഹന്‍ ഗോപാലാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

അതേസമയം ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയാകാന്‍ മലയാളി ബ്രാഹ്‌മണരെ മാത്രം വിളിച്ചതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ആര്‍ട്ടിക്കിള്‍ 14, 15(1), 16(2) എന്നിവ വഴി ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികവകാശങ്ങളുടെ ലംഘനമാണ്.

ആര്‍ട്ടിക്കിള്‍ 25(2) പ്രകാരം പൊതുക്ഷേത്രങ്ങള്‍ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കണമെന്ന് നിയമമുണ്ടെന്നും, ഈ തുല്യ അവസരം അമ്പലത്തിലെത്തി പ്രാര്‍ത്ഥിക്കുന്നതിന് മാത്രമല്ല, മറിച്ച് മേല്‍ശാന്തിയാകുന്നതിനുള്ളത് കൂടിയാണെന്നും ഡോ. മോഹന്‍ ഗോപാല്‍ പ്രസ്തുത കേസില്‍ മുമ്പ് കോടതിയെ ബോധിപ്പിച്ചിരുന്നു.

Content Highlight: Supreme Court intervenes in appointment of Sabarimala-Malikappuram chief priest

We use cookies to give you the best possible experience. Learn more