| Friday, 10th February 2023, 5:04 pm

ഇത്തരം നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സംവിധാനം വേണം; അദാനി ഓഹരി വിപണി തകര്‍ച്ചയില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അദാനി ഓഹരി വിപണി തകര്‍ച്ചയില്‍ ഇടപെട്ട് സുപ്രീം കോടതി(Supreme Court of India). ഇത്തരം നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സംവിധാനം വേണമെന്ന് കോടതി നിര്‍ദേശിച്ചു. ഓഹരി വിപണി നിയന്ത്രിക്കുന്ന സ്ഥാപനമായ സെബി(Securities and Exchange Board of India)യോടാണ് കോടതിയുടെ നിര്‍ദേശം.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടനെ(hindenburg research) തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ മാറ്റം ഒരുപാട് സാധാണക്കാരായ നിക്ഷേപകരെ ബാധിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ഇടപെടേണ്ടത് കോടതിയുടെ ബാധ്യതയാണെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഏതാണ്ട് 10 ലക്ഷം കോടി രൂപയുടെ നഷ്ടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടന് പിന്നാലെ അദാനിക്കുണ്ടായെന്ന് പറയപ്പെടുന്നു. ഇതില്‍ ഏഴ് ലക്ഷത്തോളം രൂപ വലിയ നിക്ഷേപകരല്ലാത്ത സാധാണക്കാരാണ്. ഭാവിയില്‍ ഇത്തരത്തില്‍ ഒരു വലിയ നഷ്ടം ഇന്ത്യന്‍ നിക്ഷേപകര്‍ക്കുണ്ടാകാന്‍ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിലവിലുള്ള നിയമം മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യണമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സെബിക്ക് എന്തെങ്കിലും ഇടപെടലുകള്‍ നടത്താന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയമിക്കുന്നതിന്റെ കാര്യം ആലോചിക്കാമെന്നു കോടതി നിര്‍ദേശിച്ചു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു സെബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. വിഷയത്തില്‍ തുടക്കം മുതലേ സെബി ഇടപെടുന്നുണ്ടെന്നാണ് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

തിങ്കളാഴ്ച വീണ്ടും വിഷയത്തിലെ തുടര്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതിന് മുമ്പ് തന്നെ ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാതിരിക്കാനുള്ള പൂര്‍ണമായ രൂപരേഖ സെബി തയ്യാറാക്കണമെന്ന് കോടതി അറിയിച്ചു. കേന്ദ്ര ധന മന്ത്രാലയത്തോടുകൂടി ആലോചിച്ചായിരിക്കണം അതില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ചയിലെ വിപണിയില്‍ അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്. അദാനി പവറും അഞ്ച് ശതമാനം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

Content Highlight:  Supreme Court intervened in Adani stock market controversy

We use cookies to give you the best possible experience. Learn more