| Wednesday, 22nd July 2020, 8:24 am

പ്രശാന്ത് ഭൂഷണും ട്വിറ്റര്‍ ഇന്ത്യയ്ക്കും എതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.
ട്വിറ്റര്‍ ഇന്ത്യക്കെതിരെയും കോടതി കേസെടുത്തിട്ടുണ്ട്.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ഭൂഷനെതിരെയുള്ള നടപടിക്ക് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സംബന്ധിച്ചാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കുടിയേറ്റ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതി കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഭീമ-കൊറെഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന വരവര റാവു, സുധാ ഭരദ്വാജ് തുടങ്ങിയവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാത്തതിനെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഭൂഷനെതിരെ കോടതിയലക്ഷ്യത്തിന് നടപടികള്‍ എടുക്കുന്നത്. ആദ്യത്തേത് 2009 ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോടതിയുടെ മുന്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചെന്നാരോപിച്ചായിരുന്നു കേസെടുത്തത്.
കഴിഞ്ഞ ജൂണ്‍ 27 ന് ഭൂഷണ്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെക്കുറിച്ച് പരാമര്‍ശം ഉയര്‍ത്തിയിരുന്നു.

” ഔപചാരികമായ അടിയന്തരാവസ്ഥയില്ലാതെ പോലും ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണാന്‍ ചരിത്രകാരന്മാര്‍ കഴിഞ്ഞ 6 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഈ നാശത്തില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ചും കഴിഞ്ഞ 4 സി.ജെ.ഐകളുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും,” എന്നായിരുന്നു ഭൂഷന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more