ന്യൂദല്‍ഹി: തെരുഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി.
മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.
സാങ്കേതികമായാണ് സുപ്രീം കോടതി കോണ്‍ഗ്രസിന്റെ ഹരജി തള്ളിയത്. അമിത് ഷായ്ക്കും മോദിയ്ക്കും എതിരെയുള്ള കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഏഴുദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് ഹരജി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനിടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഹരജി തീര്‍പ്പാക്കിയത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയില്‍ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന് പ്രത്യേക റിട്ട് ഹര്‍ജി സമര്‍പ്പിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
അതേസമയം, ഇനി രണ്ടുഘട്ട തെരഞ്ഞെടുപ്പു മാത്രമാണ് ബാക്കിയുള്ളത്. കോണ്‍ഗ്രസ് പുതിയ ഹര്‍ജി നല്‍കിയാല്‍ തന്നെ അതിനുള്ളില്‍ ഹര്‍ജി പരിഗണിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ എട്ട് പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഏകപക്ഷീയമായല്ല ഈ തീരുമാനമെടുത്തത്. മൂന്ന് കമ്മീഷണര്‍മാരില്‍ ഒരാള്‍ ശക്തമായി വിയോജിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ് ആയതിനാലാണെന്ന മോദിയുടെ പ്രസ്താവനയില്‍ ചട്ടലംഘനം ഇല്ലെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ആപ്രില്‍ ആറിനു മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു.
അതേസമയം, സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദേശിച്ച ശേഷമായിരുന്നു മോദിയുടെ പരാമര്‍ശം.
ആണവായുധങ്ങള്‍ ദീപാവലിക്ക് പോട്ടിക്കാനുള്ളതല്ലെന്ന പ്രസ്ഥാവനയ്ക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.വര്‍ധയിലെ വര്‍ഗീയ പ്രസംഗ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വര്‍ഗ്ഗീയ പരാമര്‍ശമെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു.