Advertisement
Freedom of expression
'മീശ': പുസ്തകം നിരോധിക്കുന്ന സംസ്‌കാരം ശരിയല്ലെന്ന് സുപ്രീം കോടതി; നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 02, 07:29 am
Thursday, 2nd August 2018, 12:59 pm

 

ന്യൂദല്‍ഹി: എസ് ഹരീഷിന്റെ നോവല്‍ മീശ നിരോധിക്കണമെന്ന നിലപാടിനെതിരെ സുപ്രീം കോടതി. പുസ്തകം നിരോധിക്കുന്ന സംസ്‌കാരം ശരിയല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. മീശയിലെ വിവാദമായ പരാമര്‍ശങ്ങള്‍ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ പറയുന്നതല്ലേയെന്നും കോടതി ചോദിച്ചു. കതാപാത്രങ്ങളായ കൗമാരക്കാര്‍ തമ്മില്‍ ഇത്തരത്തില്‍ സംസാരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.

“രണ്ടു പേരഗ്രാഫുകളുടെ പേരില്‍ ഒരു പുസ്തകത്തെ തന്നെ ചവറ്റുകുട്ടയിലെറിയണോ?” എന്നാണ് ജസ്റ്റിസ് ജെ. ചന്ദ്രചൂഢ് ചോദിച്ചത്.

നോവല്‍ നിരോധിക്കണമെന്ന ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. പുസ്തകം നിരോധിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറും കോടതിയില്‍ സ്വീകരിച്ചത്.

Also Read:മനോരമയിലും ഹരീഷിനും മീശയ്ക്കും വിലക്ക്; അഭിമുഖം റദ്ദാക്കി, ഹിന്ദുവായനക്കാര്‍ മനോരമ വിടുമെന്ന് മാനേജ്മെന്റ്

“പുസ്തകം നിരോധിക്കുന്നത് ആര്‍ട്ടിക്കിള്‍ 19(1) (a) ന്റെ അടിച്ചമര്‍ത്തലാകും” കേന്ദ്രസര്‍ക്കാറിനുവേണ്ടി എ.എസ്.ജി പിങ്കി ആനന്ദ് പറഞ്ഞു.

നോവലിന്റെ പരിഭാഷ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളില്‍ നോവലിന്റെ രണ്ടു അധ്യായങ്ങള്‍ പരിഭാഷപ്പെടുത്തി നല്‍കാന്‍ സുപ്രീം കോടതി മാതൃഭൂമിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

Also Read:ആത്മഹത്യ ലൈവ് കണ്ടത് 2300പേര്‍: പൊലീസില്‍ അറിയിക്കാന്‍ ആരുമുണ്ടായില്ല

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

തുടര്‍ന്ന് ആഴ്ചതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുന്നതായി ഹരീഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മീശ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് ഹരീഷ് അറിയിച്ചിരുന്നു. തുടര്‍ന്ന് മീശ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഡി.സി ബുക്സ് മുന്നോട്ടുവരികയായിരുന്നു.

“മീശ” പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു.

ഡി.സി ബുക്സ് മീശ പുസ്തകമായി പുറത്തിറക്കാനിരിക്കെ ഇതിനെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി വന്നിരുന്നു. മീശ പുറത്തിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ദല്‍ഹി മലയാളിയാണ് ഹര്‍ജിക്കു പിന്നില്‍.