| Saturday, 15th October 2022, 1:09 pm

സായിബാബയെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസില്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയെയും മറ്റ് നാല് പേരെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

ഇതോടെ സായിബാബയുള്‍പ്പെടെയുള്ളവരുടെ ജയില്‍മോചനം ഇനിയും നീളും.

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

കേസിന്റെ മെറിറ്റിലേക്ക് കടക്കാതെയാണ് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും യു.എ.പി.എ പോലുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതി കടന്നില്ലെന്നുമായിരുന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

ബോംബെ ഹൈക്കോടതിക്ക് കേസ് പരിഗണിച്ചതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും സായിബാബയെ വെറുതെവിട്ട തീരുമാനത്തിലേക്കെത്താന്‍ ഹൈക്കോടതി കുറുക്കുവഴിയാണ് സ്വീകരിച്ചതെന്നും അതുകൊണ്ട് കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും തല്‍ക്കാലത്തേക്ക് വിധി സ്‌റ്റേ ചെയ്തുകൊണ്ട് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിധിയില്‍ വിശദ പരിശോധന വേണമെന്നും എല്ലാ കക്ഷികള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരിനും ഇത് സംബന്ധിച്ച് നോട്ടീസയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എന്നാല്‍ പ്രതികള്‍ക്ക് ജാമ്യാപേക്ഷ നല്‍കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസമായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കേസില്‍ കര്‍ശനമായ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പുറപ്പെടുവിച്ച അനുമതി ഉത്തരവ് ‘മോശവും അസാധുവു’മാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ജസ്റ്റിസ് രോഹിത് ഡിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

സായിബാബയടക്കം കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പേരെയും കൂടി കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളേജിലെ പ്രൊഫസറായിരുന്നു സായിബാബ. ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരിക്കെയാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

2018 മാര്‍ച്ച് ഏഴിനായിരുന്നു സായിബാബയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പോളിയോ ബാധിതനായ സായിബാബയുടെ ശരീരത്തിന്റെ തൊണ്ണൂറ് ശതമാനവും തളര്‍ന്ന നിലയിലാണ്.

റെവലൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മാവോവാദി സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു 2013ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2017ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

Content Highlight: Supreme Court holds Bombay High Court order to aquitt GN Saibaba

We use cookies to give you the best possible experience. Learn more