മീഡിയവണ്ണിനെതിരായ കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ അവ്യക്തമെന്ന് സുപ്രീംകോടതി; സംപ്രേക്ഷണവിലക്ക് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് ചാനലിന്റെ അഭിഭാഷകര്‍
Kerala News
മീഡിയവണ്ണിനെതിരായ കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ അവ്യക്തമെന്ന് സുപ്രീംകോടതി; സംപ്രേക്ഷണവിലക്ക് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് ചാനലിന്റെ അഭിഭാഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd November 2022, 10:26 pm

മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിന്റെ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ അവ്യക്തതയുണ്ടെന്ന് സുപ്രീംകോടതി. മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഹരജി വിധി പറയാന്‍ വേണ്ടി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസില്‍ മീഡിയവണ്ണിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം പൂര്‍ത്തിയായി. ഇരു വിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ഹരജിയില്‍ പിന്നീട് വിധി പറയാമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

അതേസമയം, മീഡിയവണ്ണിനെ വിലക്കിയതിന്റെ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം, ഇതില്‍ സംപ്രേഷണ വിലക്കിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആരോപണങ്ങളില്‍ അവ്യക്തതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടാണ് മീഡിയ വണ്ണിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദത്തിലുടനീളം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ലൈസന്‍സ് റദ്ദാക്കുകയാണെങ്കില്‍ അതിന്റെ കാരണങ്ങളടക്കം മുന്‍കൂട്ടി അറിയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നുമാണ് മീഡിയവണ്ണിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്. മീഡിയവണ്ണിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ, മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന് വേണ്ടി ഹാജരായ ഹുസേഫ അഹമ്മദി, പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി എന്നിവരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്.

ഇതേത്തുടര്‍ന്ന്, ഒരു എക്‌സ് പാര്‍ട്ടിയായി വിധി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മീഡിയവണ്ണിന്റെ സംപ്രേഷണം വിലക്കാന്‍ കാരണമായെന്ന് പറയുന്ന സുരക്ഷാ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.

എന്നാല്‍ കോടതിയില്‍ ഇത് പൊതുവായി ബോധിപ്പിക്കാനുള്ള നിര്‍ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നടരാജ് ഇതിന് മറുപടി പറഞ്ഞത്. ”കേസിന്റെ വിശദാംശങ്ങള്‍ സെന്‍സിറ്റീവ് ആയതിനാല്‍ ചാനല്‍ മാനേജ്മെന്റുമായി അവ പങ്കിടാന്‍ സാധിക്കില്ല. സുരക്ഷാ കാര്യങ്ങള്‍ കൊണ്ട് ഇത് മറ്റ് കക്ഷികളുമായി ഷെയര്‍ ചെയ്യില്ല,” എന്നാണ് നടരാജ് സമര്‍പ്പിച്ച വാദത്തില്‍ പറഞ്ഞത്.

”അവര്‍ (ചാനല്‍) നിയമപ്രകാരം കുറ്റം ചെയ്തുവെന്ന് നിങ്ങള്‍ പറയുന്നില്ല. നിയമപ്രകാരം കുറ്റകൃത്യം നടന്നാലും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കും, അന്വേഷണത്തിന്റെ അന്തസത്ത കുറ്റപത്രത്തില്‍ വെളിപ്പെടുത്തും.

നിങ്ങളുടെ അന്വേഷണം എത്രതന്നെ സെന്‍സിറ്റീവ് ആണെങ്കിലും…നിങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ ആ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണോ അത് കുറ്റപത്രത്തില്‍ വെളിപ്പെടണം. എത്ര ഗുരുതരമായ കേസ് ആയാലും കുറ്റപത്രത്തിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും.

ഇവിടെ നിങ്ങള്‍ ഒരു സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കുകയാണ്,” ജസ്റ്റിസ് ചന്ദ്രചൂഢ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ പറഞ്ഞു.

സംപ്രേക്ഷണം നിഷേധിച്ചതിന്റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതില്‍ തടസമെന്താണെന്നും കോടതി കഴിഞ്ഞദിവസം ചോദിച്ചു. അനുമതി നിഷേധിച്ചതിന്റെ കാരണമറിയാതെ എങ്ങനെയാണ് ചാനൽ തുടർനടപടി സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു.

”സംപ്രേക്ഷണം നിഷേധിച്ചതിന്റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതില്‍ തടസമെന്തെന്ന് സുപ്രീംകോടതി. ക്രിമിനല്‍ നടപടി ചട്ടപ്രകാരം ദേശസുരക്ഷാനിയമം ചുമത്തി തടങ്കലില്‍ വെക്കുന്നവരോട് പോലും അതിന്റെ കാരണം അറിയിക്കണം. കാരണമറിയാതെ എങ്ങനെയാണ് അനുമതി നിഷേധിക്കപ്പെട്ടവര്‍ നിയമനടപടി സ്വീകരിക്കുക,” സുപ്രീംകോടതി ചോദിച്ചു.

സമർപ്പിച്ചിരിക്കുന്ന രേഖകളുടെ ഉറവിടം കേന്ദ്ര സര്‍ക്കാരിന് മറയ്ക്കാം, എന്നാല്‍, വിവരം നൽകാതിരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തത്തില്‍പ്പെട്ടവരുടെ ചാനലായതിനാലാണ് മീഡിയ വണ്ണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്ന് ദുഷ്യന്ത് ദാവെയും ചാനല്‍ ഉടമകളുടെ മതവിശ്വാസമാണ് കേന്ദ്രസര്‍ക്കാരിന് പ്രശ്‌നമെന്ന് മുകുള്‍ റോത്തഗിയും കോടതിയില്‍ ആരോപിച്ചു.

സുരക്ഷ, അനുമതി എന്നീ രണ്ട് വാക്കുകള്‍കൊണ്ട് മാധ്യമസ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഭരണകൂടത്തെ അനുവദിച്ചാല്‍ അത് മാധ്യമ പ്രവര്‍ത്തനത്തിന്റെ മരണമണിയാകുമെന്നും റോത്തഗി കോടതിയില്‍ വാദിച്ചു.

കേസ് പരിഗണിച്ച ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ നടരാജനോട് സീല്‍ ചെയ്ത ഫയലിലെ ചില പേജുകള്‍ വായിക്കാന്‍ പറയുകയും ചെയ്തു. ഫയലിലെ 807, 808 പേജുകളിലെ അഞ്ചാം ഖണ്ഡികയും 839, 840 പേജുകളും പരിശോധിച്ചതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ രേഖകളില്‍ അവ്യക്തതയുണ്ടെന്നും അവ കൃത്യമല്ലെന്നുമുള്ള നിരീക്ഷണം നേരത്തെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും നടത്തിയിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ ഇങ്ങനെ എഴുതാനിടയായ കാര്യം മനസിലായോ എന്നും നടരാജനോട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ചോദിച്ചു.

ചാനലിന് നേരത്തെ തന്നെ സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചതാണെന്നും പത്ത് വര്‍ഷം മുമ്പ് ചാനല്‍ ലൈസന്‍സ് എടുത്ത സമയത്തായിരുന്നു സുരക്ഷാ ക്ലിയറന്‍സ് വേണ്ടിയിരുന്നതെന്നും ലൈസന്‍സ് പുതുക്കുന്ന സമയത്ത് സുരക്ഷാ ക്ലിയറന്‍സിന്റെ ആവശ്യമില്ലെന്നുമാണ് മീഡിയവണ്ണിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഉന്നയിച്ച വാദം. ഒരു ചാനലിന്റെയും ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ലെന്നും അഞ്ച് തവണയിലധികം നിയമലംഘനം നടത്തിയാല്‍ പ്രസ്തുത പരിപാടിയോ പ്രസ്തുത പ്രദേശത്തെ നെറ്റ്‌വര്‍ക്കോ മാത്രമാണ് കട്ട് ചെയ്യുക എന്നും അതിനാല്‍ നിയമം അനുശാസിക്കുന്ന രീതിയിലല്ല കേന്ദ്ര സര്‍ക്കാര്‍ മീഡിയവണ്ണിനെതിരെ നീങ്ങിയതെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.

ഈ വാദം കൂടി പരിഗണിച്ചാണ് മീഡിയവണ്ണുമായി ബന്ധപ്പെട്ട ഹരജിയില്‍ വിധി പറയാന്‍ വേണ്ടി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മാറ്റിവെച്ചിരിക്കുന്നത്. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) എന്നിവര്‍ കക്ഷികളായാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 31നായിരുന്നു മീഡിയവണ്ണിന് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കിയത്. ഇത് ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അതും തള്ളി.

ചാനലിന്റെ പ്രവര്‍ത്തനം രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ അതിന്റെ കാരണങ്ങളും വിശദാംശങ്ങളും കേന്ദ്രം പുറത്തുവിട്ടിരുന്നില്ല. ഇത് പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

വിലക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും നേരത്തെ തന്നെ ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ചാനലിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നീക്കമെന്നും ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

ചാനല്‍ വിലക്കിനെതിരായ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നായിരുന്നു മീഡിയ വണ്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത്, സംപ്രേഷണത്തിന് അനുമതി നല്‍കികൊണ്ടായിരുന്നു അന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നേരത്തെ പ്രവര്‍ത്തിച്ച രീതിയില്‍ ചാനലിന് പ്രവര്‍ത്തിക്കാമെന്നും ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മുദ്രവെച്ച കവറിലെ രണ്ട് സെറ്റ് ഫയലുകള്‍ പരിഗണിക്കുകയും അവ ഒരു വട്ടം പരിശോധിക്കുകയും ചെയ്തതിന് ശേഷമായിരുന്നു മീഡിയവണ്ണിന്റെ ലൈസന്‍സ് റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

മുദ്രവെച്ച കവറുകളിലാണ് വിശദാംശങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ മുദ്രവെച്ച കവറുകളോട് തനിക്ക് വിയോജിപ്പാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. ചാനലിനെ എന്തുകൊണ്ട് വിലക്കിയെന്ന് ചോദിച്ച കോടതി തുടര്‍ന്ന് മുദ്രവെച്ച കവറുകള്‍ പരിശോധിക്കുകയായിരുന്നു. 15 മിനിട്ട് നേരം ഫയലുകള്‍ പരിശോധിച്ച ശേഷമായിരുന്നു നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ അന്ന് കേസ് പരിഗണിച്ചിരുന്ന സുപ്രീംകോടതി ബെഞ്ചല്ല ഇപ്പോള്‍ ഹരജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചായിരുന്നു അന്ന് കേസ് പരിഗണിച്ചിരുന്നതെങ്കില്‍ ഇന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢുമുള്ള രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Content Highlight: Supreme Court hearing on the pleas on broadcasting ban on Media One