ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 144ഹരജികളാണ് കോടതിയില്‍ എത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ ബോഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.
പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായതിനു തൊട്ടുപിന്നാലെ ആദ്യം ഹരജി നല്‍കിയ മുസ്‌ലിം ലീഗിനു വേണ്ടി കപില്‍ സിബല്‍ ഹാജരാകും. പൗരത്വ ഭേദഗതിക്കെതിരെ കേരളം നല്‍കിയ സ്യൂട്ട് ഹരജി ഇന്ന് പരിഗണിക്കില്ല.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാല്‍ കേന്ദ്രം ഇതിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, കേരള മുസ്‌ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍), ജയറാം രമേശ്, രമേശ് ചെന്നിത്തല, ടി എന്‍ പ്രതാപന്‍, ലോക് താന്ത്രിക് യുവജനതാദള്‍, ഡിഎംകെ,അസദുദ്ദീന്‍ ഒവൈസി , തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാര്‍ ഝാ (ആര്‍.ജെ.ഡി.), മഹുവ മോയിത്ര , അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷന്‍, മുസ്‌ലിം അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.