| Tuesday, 7th January 2020, 8:43 pm

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നതും പൗരത്വ നിയമത്തിലെ ഹരജികള്‍ പരിഗണിക്കുന്നതും ഒരേ ദിവസം; ശ്രദ്ധ തിരിക്കുന്നതിനുളള മാസ്റ്റര്‍ മൈന്‍ഡ് പ്ലാന്‍ എന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിക്കുന്ന അതേ ദിവസം തന്നെ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നതിനായി തെരഞ്ഞെടുത്തത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമമാണെന്ന് ആരോപണമുയരുന്നു. അതിന് തൊട്ടു മുന്‍പേയുള്ള ദിവസമാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിലുള്ള ഹരജികളും പരിഗണിക്കുന്നത്.

ഈ രണ്ടു വിഷയങ്ങളില്‍ നിന്നും ജനങ്ങളെ വഴി തിരിച്ചുവിടുന്നതിനാണ് നിര്‍ഭയ കേസില്‍ ഇത്തരത്തിലൊരു വിധി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജനുവരി 22ന് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ഹരജികള്‍ പരിഗണിക്കുന്ന ദിവസമാണ്. ഭേദഗതിക്കെതിരെ വന്നിട്ടുള്ള ഹരജികളിന്മേല്‍ വാദം കേള്‍ക്കാന്‍ തുടങ്ങുന്നത് അന്നായിരിക്കും. 59 ഹരജികളാണ് നിയമത്തിനെതിരെ കോടതിയില്‍ എത്തിയിട്ടുള്ളത്. എല്ലാ ഹരജികളും സംബന്ധിച്ച നോട്ടീസ് സുപ്രീം കോടതി കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. നിയമത്തിന് സ്‌റ്റേ ആവശ്യപ്പെട്ടുകൊണ്ട് മുന്‍പ് വന്ന ഹരജിയില്‍ നിയമം നടപ്പിലാക്കാന്‍ തുടങ്ങാത്തതിനാല്‍ സ്‌റ്റേയുടെ ആവശ്യമില്ലെന്നായിരുന്നു കോടതി വിധിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 21നാണ് ആര്‍ട്ടക്കിള്‍ 370 എടുത്തു കളഞ്ഞ വിഷയത്തിലുള്ള ഹരജികള്‍ പരിഗണിക്കുന്നത്്്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ഭരണഘടനക്കെതിരായ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചതടക്കമുള്ള ഹരജികള്‍ ആണ് കോടതി പരിഗണിക്കുക.

ഇത്തരത്തില്‍ സുപ്രധാനമായ വാദങ്ങള്‍ നടക്കുന്ന ദിവസത്തില്‍ തന്നെ രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ പോലൊരു കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പറയുന്നത്. ജനുവരി 22ന് പൗരത്വ ഭേദഗതി നിയമത്തിലുള്ള വാദത്തില്‍ മാത്രം ശ്രദ്ധിക്കുമെന്നും മറ്റ് വാര്‍ത്തകളില്‍ വിഷയം മുങ്ങിപ്പോകാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലു പ്രതികളുടെയും വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാണ് ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവ് ഇറക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുകേഷ്, രവി, വിനയ്, അക്ഷയ് എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക. വാറണ്ട് പുറത്ത് വന്ന് 14 ദിവസത്തിനകം നിയമപരമായ എല്ലാ സാധ്യതകളും പ്രതികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

DoolNews Video

We use cookies to give you the best possible experience. Learn more