ന്യുദല്‍ഹി: മലങ്കര സഭകള്‍ക്ക് കീഴിലുള്ള പള്ളികളില്‍ മൃതദേഹ സംസ്‌ക്കാരത്തിനുള്ള അവകാശത്തിനായി യാക്കോബായ സഭയ്ക്ക് നിയമ നടപടികള്‍ നടത്താമെന്ന് സുപ്രീംകോടതി. അവകാശത്തിനായി സഭയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാരിന് നിയമത്തില്‍ നിന്നുകൊണ്ട് ചര്‍ച്ചകള്‍ നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹരജി പിന്‍വലിച്ചു. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഈ മാസം 29നു പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റുകയും ചെയ്തു.
നേരത്തെ കണ്ടനാട് പള്ളിയില്‍ യാക്കോബായ സഭയ്ക്കും ആരാധനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് സുപ്രിംകോടതി തന്നെ രംഗത്ത് എത്തിയിരുന്നു.
കേരള ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ എന്തധികാരമാണ് ഹൈക്കോടതി ജഡ്ജിയ്ക്കുള്ളതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചിരുന്നു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2017ലെ സുപ്രീം കോടതി വിധി നിലനില്‍ക്കേ തന്നെ യാക്കാബായ സഭയ്ക്കും ആരാധനയ്ക്കുള്ള അനുമതി നല്‍കിയതിനെതിരെയായിരുന്നു അരുണ്‍ മിശ്രയുടെ വിമര്‍ശനം. തുടര്‍ന്നാണ് പള്ളികളില്‍ ആരാധനാ സ്വതന്ത്യം ആവശ്യപ്പെട്ട് യാക്കോബായ സഭ ഹരജി നല്‍കിയത്.