അദാനി ഗ്രൂപ്പിനെതിരായ ലേഖനം: ഗുജറാത്ത് പൊലീസ് എടുത്ത കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
national news
അദാനി ഗ്രൂപ്പിനെതിരായ ലേഖനം: ഗുജറാത്ത് പൊലീസ് എടുത്ത കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2023, 3:53 pm

ന്യൂദല്‍ഹി: അദാനി കമ്പനിക്കെതിരായ ലേഖനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഗുജറാത്ത് പൊലീസിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തകരായ രവി നായര്‍ക്കും ആനന്ദ് മംഗ്‌നാലെയ്ക്കും അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപം,സ്റ്റോക്ക് തിരിമറി എന്നിവ സംബന്ധിച്ച ലേഖനം പുറത്ത് വന്നത്. ഇതിന് പിന്നാലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പുറപ്പെടുവിച്ച സമന്‍സുകള്‍ക്കെതിരെയാണ് മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഈ ഹരജിയിലാണ് ഇപ്പോള്‍ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

വാദത്തിനിടെ ഇവര്‍ എന്തിനാണ് സുപ്രീം കോടതിയെ നേരിട്ട് സമീപിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷക ഇന്ദിര ജെയ്‌സിങിനോട് ജസ്റ്റിസ് ഗവായ് ചോദിച്ചു.

വിജ്ഞാപനം പൂര്‍ണമായും അധികാര പരിതിയിലില്ലാത്തതാണെന്നും പൊലീസിന്റെ അടുത്തേക്ക് കക്ഷികളെ കൊണ്ടു പോകാനാകില്ലെന്നും മുതിര്‍ന്ന അഭിഭാഷിക വാദിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് പൊലീസ് നോട്ടീസുകള്‍ നല്‍കിയതെന്ന് അവര്‍ ചോദിച്ചു.

‘ഒരു നിക്ഷേപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലേഖനത്തെ കുറിച്ച് പ്രാരംഭ അന്വേഷണം തുടങ്ങിയതെന്ന് കരുതപ്പെടുന്നു. എന്നാല്‍ രവി നായര്‍ക്കും മഗ്‌നാലെയ്ക്കും സമന്‍സില്‍ പറയുന്ന അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിട്ടില്ല. നോട്ടീസുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള നിയമ വ്യവസ്ഥകളെ കുറിച്ചോ എഫ്.ഐ.ആറിലെ ഇവര്‍ക്കെതിരായ പ്രഥമ റിപ്പോര്‍ട്ടുകളെ കുറിച്ചോ ഇരുവരെയും അറിച്ചിട്ടില്ല. വിവരങ്ങള്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് കത്തെഴുതിയപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ തരാമെന്നാണ് അവര്‍ മറുപടി പറഞ്ഞത്,’ ഇന്ദിര ജെയ്‌സിങ് കോടതിയില്‍ പറഞ്ഞു.

രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മൗലികാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണിതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകാനോ ഹൈക്കോടതിയെ സമീപിക്കാനോ ആവശ്യപ്പെടുന്നതില്‍ ന്യായമില്ലെന്നും ജെയ്‌സിങ് പറഞ്ഞു.

ഈ വാദങ്ങള്‍ കേട്ടശേഷമാണ് കോടതി ഇരുവര്‍ക്കും കേസില്‍ നിന്നും ഇടക്കാല സംരക്ഷണം അനുവദിച്ചത്.

 

CONTENT HIGHLIGHT :Supreme Court Grants Two Journalists Interim Protection From Gujarat Police Arrest Over Article Against Adani Group