ന്യൂദല്‍ഹി: ബെംഗളൂരു സ്ഫോടനക്കേസില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്. ഉത്തരവിനെ സംസ്ഥാനം ശക്തമായി എതിര്‍ക്കുന്നുവെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞുവെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ തങ്ങള്‍ എതിര്‍ത്തുവെന്ന് ഉത്തരവില്‍ രേഖപ്പെടുത്തണമെന്നും കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ സമയം ‘ശക്തമായി എതിര്‍ത്തുവെന്ന് രേഖപെടുത്താം’ എന്നാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ ചിരിച്ചുകൊണ്ട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേസില്‍ നിലവില്‍ മഅ്ദനിയുടെ സാന്നിധ്യം ആവശ്യമില്ലെങ്കില്‍ എന്താണ് ഇളവ് നല്‍കുന്നതില്‍ പ്രശ്‌നമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ എതിര്‍ക്കരുതെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് പറഞ്ഞു.
ബെംഗളൂരുവില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഈ സമയം അവിടെ ആയുര്‍വേദ ചികിത്സയില്ലെന്ന മഅ്ദനിയുടെ അഭിഭാഷകരുടെ വാദമാണ് കോടതി അംഗീകരിച്ചത്.
അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനുമാണ് മഅ്ദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുമ്പ് ഉണ്ടായിരുന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് കേരളത്തിലേക്ക് സ്ഥിരമായി പോകുന്നതിനുള്ള അനുവാദം സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.
വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും കോടതി പറയുന്നു. കൊല്ലം ജില്ലയിലുള്ള സ്വന്തം നാട്ടില്‍ മഅ്ദനിക്ക് താമസിക്കാം എന്നാണ് സുപ്രീം കോടതി അനുവദിച്ച ഇളവില്‍ പറയുന്നത്. ബെംഗളൂരു സ്ഫോടന കേസിന്റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയത് പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്.
15 ദിവസത്തിലൊരിക്കല്‍ കൊല്ലം ജില്ലയിലെ അന്‍വാര്‍ശ്ശേരി എന്ന സ്ഥലത്തെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവദിച്ചത്. കൊല്ലം പൊലീസ് കര്‍ണാടക പൊലീസിനെ ഇക്കാര്യം അറിയക്കണമെന്ന നിര്‍ദേശവും കോടതി നല്‍കുന്നുണ്ട്.
Content Highlight: Supreme Court grants relaxation of bail to Abdul Nasser Madani over Karnataka government’s objection