| Friday, 5th February 2021, 12:23 pm

മുനാവര്‍ ഫറൂഖിയ്ക്ക് ജാമ്യം; നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് മധ്യപ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ മുനാവര്‍ ഫറൂഖി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍, ബി.ആര്‍ ഗവായി എന്നിവരുള്‍പ്പെട്ടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2014ലെ അര്‍ണേഷ് കുമാര്‍ v/s സ്റ്റേറ്റ് ഓഫ് ബീഹാര്‍ കേസിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസും അയച്ചു. ക്രിമിനല്‍ പ്രൊസിഡര്‍ കോഡിലെ വകുപ്പുകള്‍ പാലിക്കാതെ ഫറൂഖിയെ അറസ്റ്റ് ചെയ്തതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി ജഡ്ജായ യതീന്ദ്ര കുമാര്‍ ഗുരുവാണ് മുനാവറിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചിരുന്നത്.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

ഫാറൂഖിയുള്‍പ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായിരുന്നത്.

ഇവര്‍ക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ‘കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം,’ ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞിരുന്നു.

ഹിന്ദ് രക്ഷക് സംഘതന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫറൂഖി ഇതിനു മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ പരിപാടിക്കിടെ നടത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്.

ഈ പരിപാടിയെപ്പറ്റി ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. സത്യം നേരിട്ടറിയാനാണ് ഞങ്ങളെത്തിയത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കുക മാത്രമല്ല, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെയും ഗുരുതരാരോപണമാണ് ഫറൂഖി നടത്തിയത്. ഗോധ്ര സംഭവത്തില്‍ അമിത് ഷായ്ക്കും പങ്കുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്, ഗൗര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പ്രതിഷേധം നടത്തിയെന്നും ഫറൂഖിയുള്‍പ്പടെയുള്ള സംഘാടകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഗൗര്‍ പറഞ്ഞു.മുനാവറിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court grants interim bail to comedian Munawar Faruqui

We use cookies to give you the best possible experience. Learn more