ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത അടങ്ങുന്ന ബെഞ്ചാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.
കെജ്‌രിവാള്‍ 90 ദിവസം ജയില്‍ വാസം അനുഭവിച്ചെന്ന് വിധി പറയവെ സഞ്ജീവ് ഖന്ന പറഞ്ഞു. അറസ്റ്റിനെതിരെ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി വിശാല ബെഞ്ചിന് വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.
മാനദണ്ഡങ്ങള്‍ പാലിച്ചാണോ അറസ്റ്റ് നടന്നതെന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. നിലവില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന് ജിയില്‍ മോചനം നേടാനാകില്ല.
പി.എം.എല്‍.എ സെക്ഷന്‍ 19 പ്രകാരം കേസ് നിലനില്‍ക്കുമെന്നും എന്നാല്‍ അത് പ്രാകാരം ഇങ്ങനെയൊരു അറസ്റ്റിലേക്ക് പോകാനാകുമാേയെന്നും സുപ്രീം കോടതി ചോദിച്ചു. ആ കാര്യത്തില്‍ വിധി പറയാനാണ് വിശാല ബെഞ്ചിന് കേസ് കൈമാറിയത്.
അതോടൊപ്പം കെജ്‌രിവാള്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും അദ്ദേഹം ഇതിനോടകം 90 ദിവസം ജയിലില്‍ കിടന്നെന്നും വിധി പറയവെ കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 25നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ അറസ്റ്റിനെതിരെ നല്‍കിയ ജാമ്യ ഹരജി ഈ മാസം 17നാണ് പരിഗണിക്കുന്നത്. സി.ബി.ഐ കേസില്‍ ദല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയാല്‍ മാത്രമേ ഇനി കെജ്‌രിവാളിന് പുറത്തിറങ്ങാനാകുള്ളൂ.
Content Highlight: Supreme Court Grants Interim Bail To Arvind Kejriwal In PMLA Case