| Wednesday, 19th July 2023, 4:34 pm

ടീസ്ത സെതല്‍വാദിന് സ്ഥിര ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ വ്യാജതെളിവുകള്‍ ഹാജരാക്കിയെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന് സ്ഥിര ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ടീസ്തയുടെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ടീസ്തക്ക് ഇക്കാലമത്രയും ജാമ്യം അനുവദിക്കാതിരുന്ന ഗുജറാത്ത് ഹൈക്കോടതി നടപടികളെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജാമ്യം നിഷേധിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തിയ കാരണങ്ങള്‍ വസ്തുതാവിരുദ്ധവും വികൃതവുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയെന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

എങ്ങനെ ജാമ്യം നിഷേധിക്കാം എന്നതിന് കാരണം തേടിയുള്ള നിയമജ്ഞനായ ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവുകളിലെ നിരീക്ഷണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജാമ്യം നല്‍കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ഗുജറാത്ത് ഹൈക്കോടതി ശ്രമിച്ചില്ലെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

സെക്ഷന്‍ 482 ക്രിമിനല്‍ ചട്ടം പ്രകാരമോ, അല്ലെങ്കില്‍ ഭരണഘടനയുടെ 226 അല്ലെങ്കില്‍ 32 പ്രകാരമുള്ള എഫ്.ഐ.ആറോ കുറ്റപത്രമോ ഹരജിക്കാരി ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുമെന്ന, നല്ല അറിവുള്ള ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണം രസകരമായി തോന്നിയെന്നും സുപ്രീം കോടതി ബെഞ്ച് പരിഹസിച്ചു.

ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം ആരോപണവിധേയര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തുക, അവര്‍ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം നിലനില്‍ക്കുക, വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക, കുറ്റകൃത്യത്തിന്റെ കാഠിന്യം എന്നിവ ആണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുടെ നേര്‍വിപരീതമാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. സാക്ഷിമൊഴികളെ മാത്രം ആധാരപ്പെടുത്തി ഹരജിക്കാരി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണം വികൃതവും വസ്തുതാവിരുദ്ധമാണെന്നും മൂന്നംഗ സുപ്രീം കോടതി വിലയിരുത്തി.

നേരത്തെ, ജൂലൈ ഒന്നിന് ടീസ്തയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ ഹരജിക്കാരിക്ക് സമയം നല്‍കേണ്ടതായിരുന്നുവെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

സ്ത്രീയെന്ന പരിഗണന ടീസ്തക്ക് നല്‍കുന്നതായി കോടതി ഉത്തരവില്‍ വ്യക്തമാക്കി. സെക്ഷന്‍ 437 സി.ആര്‍.പി.സി പ്രകാരം സ്ത്രീയായതിനാല്‍ അവര്‍ക്ക് പ്രത്യേക സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ചുവെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ടീസ്ത സെതല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: Supreme Court Grants Bail To Teesta Setalvad, Gujarat HC Observations Contradictory

We use cookies to give you the best possible experience. Learn more