രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം
national news
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 3:47 pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളവന്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്ന ഉപാധികയോട് കൂടിയാണ് ജാമ്യം. അസുഖമായ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങെളെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പേരറിവാളന്‍ സുപ്രീം കോടതിയില്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എ.ജി. പേരറിവാളന്‍. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു.

ഗൂഢാലോചനയുടെ സൂത്രധാരനും എല്‍.ടി.ടി.ഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങിനല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

വധശിക്ഷയായിരുന്നു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.

 

CONTENT HIGHLIGHTS: Supreme Court Grants Bail To Perarivalan, Rajiv Gandhi Assassination Case Convict, Who Has Been In Jail For 32 Years