കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
national news
കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 2:16 pm

ന്യൂദൽഹി: മദ്യ അഴിമതിക്കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെയാണ് ജാമ്യം. ജുഡീഷ്യൽ, ഇ.ഡി കസ്റ്റഡികളിലായി കെജ്‌രിവാൾ കഴിഞ്ഞത് 50 ദിവസം.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് സംസാരിക്കരുത്, മെയ് രണ്ടിന് കീഴടങ്ങണം തുടങ്ങിയവയാണ് കോടതി മുന്നോട്ട് വെച്ച ഉപാധികള്‍. കേസില്‍ വാദം തുടരുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇ.ഡി വ്യാഴാഴ്ച കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം നിയമപരമായ അവകാശമല്ലാത്തതിനാല്‍, അത് ജാമ്യത്തിനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്നാണ് ഇ.ഡി പറഞ്ഞത്. ഇടക്കാല ജാമ്യത്തിനായുള്ള കെജ്‌രിവാളിന്റെ ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് അറിയിച്ച കോടതിയോട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീം കോടതി ഇ.ഡിയോട് പറഞ്ഞിരുന്നു. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇ.ഡി പാലിച്ചോയെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം എന്തുകൊണ്ട് രണ്ട് വര്‍ഷം നീണ്ടുവെന്ന് ഇ.ഡി വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 21ന് ആണ് കെജ്‌രിവാള്‍ അറസ്റ്റിലാവുന്നത്. ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ മുതിര്‍ന്ന നേതാവാണ് കെജ്‌രിവാള്‍. ദല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സമാന ഉപാധികളോടെ സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlight: Supreme Court granted interim bail to Kejriwal