ന്യൂദല്‍ഹി: ബലാത്സംഗക്കേസ് പ്രതിയും ആള്‍ദൈവവുമായ ആശാറാം ബാപ്പുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ചാണ് ആശാറാം ബാപ്പുവിന് ജാമ്യമനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാമ്യത്തിലിറങ്ങിയാല്‍ അനുയായികളെ കാണരുതെന്നും ആശാറാമിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് 31വരെയാണ് ആശാറാമിന് ജാമ്യമനുവദിച്ചത്.
2013 ഓഗസ്റ്റില്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ആശാറാം. ഇയാള്‍ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുക്കുകയും ജോധ്പൂരിലെ പ്രത്യേക കോടതി സ്വയം പ്രഖ്യാപിത ആള്‍ദൈവം കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തു.
2013 ആഗസ്റ്റ് മുതല്‍ ഇയാള്‍ ജയിലിലായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരവും എസ്.സി എസ്.ടി നിയമപ്രകാരവുമുള്ള വകുപ്പുകളുമായിരുന്നു ചുമത്തിയിരുന്നത്. ജോധ്പൂരിലെ ബലാത്സംഗക്കേസ് കൂടാതെ ഇയാള്‍ ഗാന്ധിനഗറിലെയും രണ്ട് ബലാത്സംഗക്കേസില്‍ പ്രതിയാണ്.
Content Highlight: Supreme Court granted bail to Asaram, accused in rape case and godman