ഭീമാ കൊറേഗാവ് കേസ്; നാല് വർഷത്തിന് ശേഷം സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം
natioanl news
ഭീമാ കൊറേഗാവ് കേസ്; നാല് വർഷത്തിന് ശേഷം സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 2:12 pm

ന്യൂദല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ വിചാരണത്തടവില്‍ കഴിയുകയായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം.

വിചാരണ ഉടന്‍ അവസാനിക്കില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. തടങ്കലിലായി നാല് വർഷത്തിന് ശേഷമാണ് നവ്‌ലാഖയ്ക്ക് ജാമ്യം ലഭിക്കുന്നത്.

നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ എന്‍.ഐ.എയുടെ ഹരജിയിലാണ് തീരുമാനം. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നവ്‌ലാഖയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന നിരീക്ഷണങ്ങളും കോടതി വാദത്തില്‍ പരിഗണിക്കുകയുണ്ടായി. ഭീമ കൊറേഗാവ് കേസില്‍ പ്രതികളായ 16 പേരില്‍ ചിലര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

യു.എ.പി.എയുടെ 15-ാം വകുപ്പ് പ്രകാരം നവ്‌ലാഖ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് അനുമാനിക്കാന്‍ വകയില്ലെന്ന് ബോംബൈ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, ശിവകുമാര്‍ ദിഗെ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ ഉണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നവ്‌ലാഖയെ അറസ്റ്റ് ചെയ്തത്. 2020 ഏപ്രില്‍ 14ന് ആണ് നവ്‌ലാഖ അറസ്റ്റിലാകുന്നത്. നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ 2022 നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന് മുംബൈയിലെ സി.പി.ഐ.എമ്മിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് ലൈബ്രറിയുടെ ഭാഗമായ കെട്ടിടത്തില്‍ വീട്ടുതടങ്കലിലായിരുന്നു നവ്‌ലാഖ. ചികിത്സയുടെ ഭാഗമായി വീട്ടുതടങ്കല്‍ അനുവദിക്കണമെന്ന നവ്‌ലാഖയുടെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

കര്‍ശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റിയത്. വീട്ടുതടങ്കലിന് നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരില്‍ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്നായിരുന്നു കോടതിയുടെ പ്രധാന വ്യവസ്ഥ.

ഭീമാ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഗൗതം നവ്‌ലാഖയടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയാണ് ഇവരെ തടങ്കലിലാക്കിയത്. അര്‍ബന്‍ നക്സലുകള്‍ എന്നാണ് പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും ഇവരെ അന്ന് വിശേഷിപ്പിച്ചത്.

Content Highlight: Supreme Court granted bail for Gautam Navlakha in Bhima Koregaon case