Advertisement
national news
സത്യേന്ദര്‍ ജെയിന് ഇടക്കാല ജാമ്യം; ദല്‍ഹി വിട്ട് പോകാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണം നടത്താനോ പാടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 26, 06:45 am
Friday, 26th May 2023, 12:15 pm

ന്യൂദല്‍ഹി: എ.എ.പി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആറ് ആഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനുവാദമില്ലാതെ ദല്‍ഹി വിട്ട് പോകാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണം നടത്താനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിഹാര്‍ ജയിലില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ദല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തത് മുതല്‍ തിഹാര്‍ ജയിലിലാണ് അദ്ദേഹം.

കഴിഞ്ഞ മേയ് 30നാണ് സത്യേന്ദറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2015-16 കാലത്ത് സത്യേന്ദര്‍ ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദര്‍ ജെയ്‌നിനെ അന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സത്യേന്ദര്‍ ജെയിനിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും, ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും ചെയ്‌തെന്നായിരുന്നു ആരോപണം. അവര്‍ ഈ തുക ഉപയോഗിച്ച് ഭൂമി വാങ്ങുകയും ദല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടക്കാനും വിനിയോഗിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.നേരത്തെ ജെയ്‌നിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

Contenthighlight: Supreme court grant interim bail to sathyendra jain