ന്യൂദല്‍ഹി: സി.ബി.ഐയിലെ വിവാദങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി എ.കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
Also Read:ഇതായിരുന്നു ശബരിമലയിലെ ബി.ജെ.പിയുടെ മാസ്റ്റര്‍ പ്ലാന്‍; പദ്ധതികള്‍ അക്കമിട്ട് നിരത്തി കോടിയേരി
സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ കമ്മീഷന്‍ പത്തുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു നല്‍കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ഉത്തരവ്. എന്നാല്‍ പത്തുദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇടക്കാല ഡയറക്ടറായ നാഗേശ്വര റാവു നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സി.ബി.ഐയുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ മാത്രം അദ്ദേഹത്തിന് ചെയ്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി.
രാജ്യതാല്‍പര്യം മാനിച്ച് കോടതിക്ക് ഈ വിഷയം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. അപ്പോഴേക്കും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകന്‍ ഫലി നരിമാനായിരുന്നു അലോക് വര്‍മ്മയ്ക്കുവേണ്ടി ഹാജരായത്. ഒരു വിശദീകരണം പോലും ചോദിക്കാതെ അലോക് വര്‍മ്മയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
അന്വേഷണത്തില്‍ സുപ്രീം കോടതി ജഡ്ജി മേല്‍നോട്ടം വഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.വി.സിയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചിരുന്നു.