ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹരജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് സമയം അനുവദിച്ചു
India
ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹരജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് സമയം അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2014, 9:11 pm

[] ന്യൂദല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി സമയം അനുവദിച്ചു.

നാലാഴ്ച്ചത്തെ സമയമാണ് സര്‍ക്കാരിനും സി.ബി.ഐക്കും സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നേരത്തെ  ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്നും സാക്ഷികള്‍ക്ക് പണം നല്‍കിയതിന്റെ തെളിവ് ലഭ്യമാണെന്നും വി.എസിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രസ്തുത കേസ് സംബന്ധിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലായതിനാല്‍ തുടരന്വേഷണത്തിനെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മജിസ്‌ട്രേറ്റാണെന്നായിരുന്നു കോടതിയുടെ നിലപാട്.

ജഡ്ജിമാരെ സ്വാധീനിച്ച് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

ഇരകളെയും സാക്ഷികളെയും നീതിന്യായ വ്യവസ്ഥയെയും വരെ സ്വാധിനിച്ചെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ കുഞ്ഞാലിക്കുട്ടി ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണ സംഘം കേസ് എഴുതിത്തള്ളുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വി.എസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.