കുട്ടികളെ കൊണ്ടുവന്ന സംഭവം; കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
Daily News
കുട്ടികളെ കൊണ്ടുവന്ന സംഭവം; കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2014, 12:17 am

supreme-court

[] ന്യൂദല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടിന്റെ അപേക്ഷയിലാണ് നോട്ടീസ് അയച്ചത്. ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ കീഴില്‍ വരുന്ന ചില്‍ഡ്രന്‍സ് ഹോമുകളുടെ എണ്ണം നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ഭട്ട് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതിനെ മനുഷ്യക്കടത്തെന്നേ വിളിക്കാനാകൂ. ഇന്ത്യന്‍ പീനല്‍ കോഡ് 370, 370എ എന്നീ സെക്ഷനുകള്‍ക്ക് കീഴില്‍ വരുന്നതാണിതെന്നും അപര്‍ണ ഭട്ട് പറഞ്ഞു. മുക്കം അനാഥാലയത്തിനും വെട്ടത്തൂര്‍ അന്‍വറുല്‍ അനാഥാലത്തിനും വേണ്ടിയാണ് കുട്ടികളെ കൊണ്ടു വന്നതെന്ന് അന്വേഷണത്തിനിടെ തെളിഞ്ഞിരുന്നു. പ്രതികള്‍ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇത്തരത്തിലുള്ള നിരവധി അനാഥാലയങ്ങളുണ്ടെന്നും അപര്‍ണ ഭട്ട് പറഞ്ഞു.

അനാഥാലയങ്ങള്‍ക്ക് വിദേശത്തു നിന്നു സഹായം ലഭിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കൊണ്ടുവരുന്നത് പതിവാണ്. മറ്റു സംസ്ഥാനങ്ങളില്‍ അനാഥാലയങ്ങള്‍ക്കും കുട്ടികള്‍ക്കായുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും റജിസ്‌ട്രേഷനും ലൈസന്‍സും വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലാത്തത്. 2010ല്‍ കേരള സര്‍ക്കാര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ റജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മറ്റു റജിസ്ട്രഷന്‍ വേണ്ടെന്ന നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതാണ് മനുഷ്യക്കടത്തു വര്‍ധിക്കുന്നതിനുള്ള കാരണമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് 600 കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.