| Friday, 11th August 2023, 5:56 pm

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായ നവാബ് മാലിക്കിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യകരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബെല. എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തില്ല. അഭിഭാഷകന്‍ കപില്‍ സിബലാണ് നവാബ് മാലിക്കിന് വേണ്ടി ഹാജരായത്.

വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് 16 മാസമായി ചികിത്സയിലാണെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. നിശ്ചിത കാലയളവിലേക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തുഷാര്‍ മേത്തയും വ്യക്തമാക്കി.

‘വ്യക്ക സംബന്ധമായ രോഗങ്ങളാല്‍ ഹരജിക്കാരന്‍ ഇപ്പോള്‍ മുംബൈയിലെ ക്രിറ്റികെയര്‍ ആശുപത്രിയിലാണ്. അദ്ദേഹത്തെ രണ്ട് മാസത്തെ മെഡിക്കല്‍ ജാമ്യത്തില്‍ റിലീസ് ചെയ്യണം. എതിര്‍ സത്യവാങ്മൂലം അഞ്ച് ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. അതിന് ശേഷം 3 ആഴ്ചക്കുള്ളില്‍ വീണ്ടും കോടതി ചേരും. 10 ആഴ്ചക്ക് ശേഷം കേസ് പരിഗണിക്കും,’ കോടതി ഉത്തരവില്‍ പറയുന്നു.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ ആരോപണ കേസിലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്യുന്നത്. 1999 നും 2006നും ഇടയില്‍ ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറും മറ്റ് രണ്ട് പേരുമായി ചേര്‍ന്ന് കുര്‍ളയിലെ സ്വത്ത് കൈക്കലാക്കിയെന്നാണ് അന്വേഷ ഏജന്‍സി പറയുന്നത്. മാലിക് നല്‍കിയ പണം ഹസീന ഭാകരവാദ ഫണ്ടിങ്ങിനു വേണ്ടി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം മാലിക്കിനെതിരെ കുറ്റം ചുമത്തി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മാലിക്കിന് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കസ്റ്റഡിയില്‍ ആയിരുന്നു അദ്ദേഹം. ഈ വര്‍ഷം ജൂലൈ 13ന് ജസ്റ്റിസ് അനുജ പ്രഭുദേശായിയുടെ സിംഗിള്‍ ബെഞ്ച് മാലിക്കിന് താത്കാലിക ജാമ്യം നല്‍കുന്നതും നിഷേധിച്ചിരുന്നു.

Content Highlights: Supreme court garnts bail to nawab malik

We use cookies to give you the best possible experience. Learn more